‘വോളന്റിയർമാർ ആത്മ സമർപ്പണത്തോടെ സേവന നിരതരാവുക’
Tuesday, September 6, 2016 6:44 AM IST
ജിദ്ദ: അല്ലാഹുവിന്റെ അതിഥികളെ സേവിക്കാൻ ലഭിച്ച അവസരം ആത്മ സമർപ്പണത്തോടെ ഉപയോഗപ്പെടുത്തണമെന്ന് അബ്ദുൾനാസർ അൻവരി വോളന്റിയർമാരെ ഓർമപ്പെടുത്തി. ജിദ്ദ ഹജ്‌ജ് വെൽഫെയർ ഫോറം വോളന്റിയർമാർക്കായി നടത്തിയ പരിശീലന ക്യാമ്പിൽ ‘സേവനത്തിന്റെ ഇസ്ലാമിക മാനം’ എന്ന വിഷയത്തിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ പിൽഗ്രിംസ് വെൽഫെയർ ഫോറം (ഐപിഡബ്ലിയുഎഫ്) പ്രതിനിധി സിറാജുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. ബലി പെരുന്നാളിനോടനുബന്ധിച്ചു തങ്ങൾക്കു ലഭിക്കുന്ന ഒഴിവു ദിവസം ഹാജിമാരുടെ സേവനത്തിനുവേണ്ടി നീക്കിവച്ച വോളന്റിയർമാരെ അദ്ദേഹം അനുമോദിച്ചു.

നസീർ വാവക്കുഞ്ഞു അധ്യക്ഷത വഹിച്ച പരിപാടിയിൽ വോളന്റിയർമാർക്കുള്ള ജാക്കറ്റ് വിതരണം മക്ക ഹജ്‌ജ് വെൽഫെയർ ഫോറം ട്രഷറർ ഷാനിയസ് കുന്നിക്കോട് നിർവഹിച്ചു. സേവന പ്രവർത്തന മേഖലകളും മുൻഗണനകളും മാപ് റീഡിംഗും സിജി ട്രെയിനർമാരായ കെ.ടി.അബൂബക്കർ, സാജിദ് പാറക്കൽ, അസീസ് തങ്കയത്തിൽ എന്നിവർ നിർവഹിച്ചു. വോളന്റിയർമാർക്കുള്ള മുൻകരുതലുകൾ ഹമീദ് പന്തല്ലൂരും ക്യാമ്പ് നിദ്ദേശങ്ങൾ അൻവർ വടക്കാങ്ങരയും നൽകി. ഉത്തരേന്ത്യൻ വോളന്റിയർമാർക്ക് നാസർ ചാവക്കാട് പരിശീലനം നൽകി. അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷയും സിപിആർ ട്രെയിനിംഗും ഡോ. സലാഹുദ്ദീൻ വിശദീകരിച്ചു.

വണ്ടൂർ അബ്ദുറഹ്മാൻ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. അൻഷാദ് മാസ്റ്റർ, മൊയ്തീൻ കുട്ടി കാളികാവ് എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ