ക്രൈസ്തവ സാക്ഷ്യവുമായി യോങ്കേഴ്സിൽ രണ്ടു പള്ളികൾ ഒന്നായി
Tuesday, September 6, 2016 6:42 AM IST
യോങ്കേഴ്സ് (ന്യൂയോർക്ക്): വിശുദ്ധ ഗ്രിഗോറിയോസിന്റെ നാമത്തിൽ യോങ്കേഴ്സിൽ സ്‌ഥാപിതമായ രണ്ട് ഓർത്തഡോക്സ് ദേവാലയങ്ങൾ ഭദ്രാസനാധിപൻ സഖറിയ മാർ നിക്കോളവോസിന്റെ പ്രധാന കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടെ ഒന്നായപ്പോൾ സഭാ സമൂഹത്തിന് അത് അപൂർവമായ ആത്മീയാനുഭവമായി. ലയന ചടങ്ങിൽ പങ്കെടുത്ത സഭാ നേതാക്കളും ഇടവകാംഗങ്ങളും ഐക്യത്തിന്റെ വരപ്രസാദത്തിൽ ദൈവനിയോഗത്തിനു മുന്നിൽ നമ്രശിരക്രായപ്പോൾ ചരിത്രത്തിലേക്കുള്ള പുത്തൻ അധ്യായമായി അത്.

ഇരുപത്തെട്ടു വർഷം മുമ്പ് രാവിലെയും വൈകുന്നേരവുമായി സർവീസുകൾ നടത്തിയാണ് പാർക്ക് ഹിൽ സെന്റ് ഗ്രിഗോറിയോസ് ചർച്ചും അണ്ടർ ഹിൽ സെന്റ് ഗ്രിഗോറിയോസ് ചർച്ചും സ്‌ഥാപിതമായതെന്ന് പാർക്ക് ഹിൽ ചർച്ച് വികാരി ഫാ. നൈനാൻ ടി. ഈശോ അനുസ്മരിച്ചു. അവ രണ്ടുമാണ് ഒന്നായി മാറുന്നത്. രണ്ട് ഇടവക സമൂഹങ്ങളും ഇത്തരമൊരു സാധ്യതയെപ്പറ്റി ആലോചിച്ചപ്പോൾ അതിനു മാർഗദർശിയും പ്രചോദനവുമായി നിന്നത് സഖറിയ മാർ നിക്കോളവോസ് ആണ്. പിളരുകയാണ് സാധാരണയായി നടക്കുന്നതെന്നും ഒരുമിക്കുന്നത് അപൂർവമായ സംഭവമാണെന്നും മാർ നിക്കോളവോസ് ചൂണ്ടിക്കാട്ടി. മുപ്പതും നാല്പത്താറും കുടുംബങ്ങളുള്ള രണ്ട് ഇടവകകൾ 76 കുടുംബങ്ങളായി ഒന്നായപ്പോൾ ഭദ്രാസനത്തിലെ വലിയൊരു ഇടവക സമൂഹമായി പാർക് ഹിൽ ചർച്ച് മാറിയിരിക്കുന്നു. ചെറിയ ഇടവകകളെ താൻ നിരുത്സാഹപ്പെടുത്തുകയാണ് പതിവ്. പ്രായോഗികമായ പല പരിമിതികളും അവയ്ക്കുണ്ട്. അതുപോലെ വലിയ സാമ്പത്തിക ഭാരം ഇടവകാംഗങ്ങൾ വഹിക്കേണ്ട സ്‌ഥിതിയും വരുന്നു. തനിക്ക് സന്ദർശിക്കാൻ ഒരു പള്ളി കുറയും എന്നു ചിലർ പറയാം. എത്ര ശ്രമിച്ചാലും ഒരു വർഷത്തിൽ 40 പള്ളികളിൽ കൂടുതൽ പോകാൻ തനിക്ക് കഴിയാറില്ല. അതിനാൽ ബാക്കിയുള്ള പതിനാല് പള്ളികളും ലയനത്തിന്റെ മാർഗം സ്വീകരിക്കുന്നതിലും വിരോധമൊന്നുമില്ലെന്നു തമാശരൂപേണ അദ്ദേഹം പറഞ്ഞു.

കാലംചെയ്ത മാർ ബർണബാസിന്റെ കാലത്ത് രണ്ടു പള്ളികൾ ഒന്നായ ചരിത്രവും അദ്ദേഹം മുന്നറിയിപ്പായി ചൂണ്ടിക്കാട്ടി. അവസാനം രണ്ടിനു പകരം മൂന്നു പള്ളികളാണ് ഉണ്ടായത്. അതുകൊണ്ടു തന്നെ ഭിന്നിപ്പിനുള്ള സാഹചര്യങ്ങൾ തോന്നിയാൽ കൂടി അവയെ അതിജീവിക്കാനുള്ള മനസാണ് ആദ്യം ഉണ്ടാകേണ്ടത്.

പെൻസിൽവേനിയയിലെ സ്ക്രാന്റണിൽ സഭ 350 ഏക്കറിൽ സ്‌ഥാപിക്കുന്ന റിട്രീറ്റ് സെന്ററിന്റെ പ്രവർത്തനങ്ങളും മാർ നിക്കോളാവസ് വിശദീകരിച്ചു. ഇതിനു സാമ്പത്തികമായ പിന്തുണ ആവശ്യമുണ്ട്. ജനുവരിയിൽ അതു വാങ്ങണം. അതിനുള്ള തുക തുടക്കത്തിൽ വായ്പയായി സമാഹരിക്കാനും പരിപാടിയുണ്ട്. സെന്റർ സഭയ്ക്ക് വലിയൊരു മുതൽക്കൂട്ടാകും.

ഒരേ പരിശുദ്ധന്റെ നാമത്തിൽ യോങ്കേഴ്സ് ടൗണിലുള്ള ദേവാലയങ്ങൾ ഒന്നാക്കാനുള്ള തീരുമാനത്തിനു പിന്നിൽ ദൈവകരങ്ങളും മെത്രാപ്പോലീത്തായുടെ നേതൃത്വവും അണ്ടർഹിൽ ചർച്ച് വികാരി ഫാ. ദിലീപ് ചെറിയാൻ ചൂണ്ടിക്കാട്ടി. ഒരു ചിത്രശലഭം പറക്കുന്നത് പല കാലഘട്ടങ്ങൾ പിന്നിട്ടാണ്. ഐക്യം പൂർണത നേടുന്നതുവരെ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം. അവയൊക്കെ ചിത്രശലഭത്തിന്റേതുപോലെ ഒരു കൊക്കൂൺ ഘട്ടം എന്നു കരുതിയാൽ മതി. ഐക്യനിർദേശം ഉണ്ടായശേഷം അക്കാര്യത്തിൽ തനിക്ക് അമിതാവേശം ഒന്നുമില്ലെന്നാണ് ഫാ. നൈനാൻ ടി. ഈശോ പറഞ്ഞത്.

പാർക്ക് ഹിൽ ചർച്ച് ട്രസ്റ്റി ഏബ്രഹം ഇട്ടി, അണ്ടർഹിൽ ചർച്ച് ട്രസ്റ്റി വർഗീസ് ടി. മാമ്പിള്ളി, പാർക്ക് ഹിൽ ചർച്ച് സെക്രട്ടറി ഷൈനി ജോർജ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ സുവനീറിന്റെ ഉദ്ഘാടനം മാർ നിക്കോളവോസ് നിർവഹിച്ചു. ജാൻസി ആലുങ്കൽ, ചീഫ് എഡിറ്റർ ബാബു ജോർജ് എന്നിവർ സുവനീറിന്റെ ആദ്യപ്രതി തിരുമേനിക്ക് കൈമാറി. സാജൻ മാത്യു സംസാരിച്ചു. ചടങ്ങിൽ പോൾ കറുകപ്പള്ളിൽ, വർഗീസ് പോത്താനിക്കാട്, ഡോ. ഫിലിപ്പ് ജോർജ്, ബാബു പാറയ്ക്കൽ, അജിത്ത് വട്ടശേരിൽ, മാധ്യമങ്ങളെ പ്രതിനിധീകരിച്ച് ഷാജൻ ജോർജ്, രാജു പള്ളത്ത്, സുനിൽ ട്രൈസ്റ്റാർ, ജോർജ് ജോസഫ്, റെജി തുടങ്ങിയവർ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: ജോസ് കാടാപ്പുറം
<ശാഴ െൃര=/ിൃശ/2016ലെുേ6്യീിസലൃൈ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>