കേളി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു
Monday, September 5, 2016 6:45 AM IST
റിയാദ്: റിയാദ് കിംഗ് സൗദ് മെഡിക്കൽ സിറ്റിയുമായി (ശിമേഷി ആശുപത്രി) സഹകരിച്ച് കേളി കലാ സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.

അൽമദീന ഹൈപ്പർ മാർക്കറ്റിൽ നടന്ന ക്യാമ്പിൽ ഏകദേശം അഞ്ഞൂറോളംപേർ പങ്കെടുത്തതായി കേളി സെക്രട്ടറി റഷീദ് മേലേതിൽ പറഞ്ഞു. രക്‌തദാനം നടത്തുന്നതിനായി കേളി പ്രവർത്തകരും അല്ലാത്തവരുമായ നിരവധിപേർ രാവിലെ മുതൽ ക്യാമ്പിൽ പങ്കെടുത്തു.

ഈ വർഷത്തെ പരിശുദ്ധ ഹജ്‌ജുമായി ബന്ധപ്പെട്ട് മേഖലയിലെ വിവിധ ആശുപത്രികളിൽ രക്‌തത്തിന് ആവശ്യം വർധിച്ച സാഹചര്യത്തിൽ കിംഗ് സൗദ് മെഡിക്കൽ സിറ്റി (ശിമേഷി ആശുപത്രി) ബ്ലഡ്ബാങ്ക് അധികൃതർ കേളിയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കഴിഞ്ഞ വർഷവും ഹജ്‌ജ് സീസണിൽ റിയാദ് കിംഗ് സൗദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് കേളി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കേളിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി രക്‌തദാനം ഒരു തുടർപ്രവർത്തനമായാണ് നടന്നുവരുന്നതെന്ന് കേളി മുഖ്യരക്ഷാധികാരി കെ.ആർ. ഉണ്ണികൃഷ്ണൻ പറഞ്ഞു.

കിംഗ് സൗദ് മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. ഖാലിദ ്ഇബ്രാഹിം സൗഫിയുടെ നേതൃത്വത്തിൽ വിപുലമായ മെഡിക്കൽ സംഘമാണ് ക്യാമ്പിൽ രക്‌തം സ്വീകരിക്കാൻ എത്തിയത്. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി നാരായണൻ, അറ്റാഷെ രാജേന്ദ്രൻ, സാമൂഹ്യ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, വിവിധ പ്രവാസി സംഘടനാ ഭാവാഹികൾ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. കേളി മുഖ്യ രക്ഷാധികാരി കെ.ആർ. ഉണ്ണികൃഷ്ണൻ, കേളി സെക്രട്ടറി റഷീദ് മേലേതിൽ, ജോ. സെക്രട്ടറി ഷമീർ കുന്നുമ്മൽ, കേളി ജീവകാരുണ്യവിഭാഗം കൺവീനർ ബാബുരാജ് കാപ്പിൽ, ജോ. കൺവീനർ കിഷോർ–ഇ–നിസാം, കേളി ജീവകാരുണ്യ വിഭാഗം അംഗങ്ങൾ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ