ഒക്ലഹോമയിൽ ശക്‌തമായ ഭൂചലനം; അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു
Monday, September 5, 2016 6:44 AM IST
ഒക്ലഹോമ: ഒക്ലഹോമയിലുണ്ടായ ശക്‌തമായ ഭൂചലനത്തെതുടർന്നു ഗവർണർ മേരി ഫോളിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. റിക്ടർ സ്കെയിലിൽ 5.6 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഷിക്കാഗോ വരെ എത്തിയിരുന്നു.

ഭൂചലനത്തിൽ പതിനാലു കെട്ടിടങ്ങൾക്കു സാരമായ കേടുപാടുകളും ആയിരക്കണക്കിനു വീടുകളിലെ വൈദ്യതിബന്ധം തകരാറിലാകുകയും ചെയ്തു. ആളപായം ഉണ്ടായതായി റിപ്പോർട്ടുകളില്ല.

2011 നവംബറിനുശേഷമാണ് ഇത്രയും ശക്‌തിയേറിയ ഭൂചലനം ഉണ്ടാകുന്നതെന്ന് ഗവർണർ ഫാളിൻ പറഞ്ഞു. ഇപ്പോൾ പ്രഖ്യാപിച്ച അടിയന്തരാവസ്‌ഥ ദുരിതത്തിലകപ്പെട്ടവർക്ക് യുദ്ധകാല അടിസ്‌ഥാനത്തിൽ സഹായം എത്തിക്കുന്നതിനാണ്. ഭൂചലനത്തെതുടർന്നു ഓയിൽ വെല്ലുകളുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു.

ഒക്ലഹോമയിൽ ഉണ്ടായ ഭൂചലനം ഡാളസിലും നേരിയ തോതിൽ അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ