‘കെ.സി.എഫ്, മഞ്ച്, നാമം’ ഓണത്തിന് പുതു ചരിത്രവുമായി ന്യൂജേഴ്സി ഒരുങ്ങുന്നു
Monday, September 5, 2016 3:44 AM IST
ന്യൂജേഴ്സി: ഓണത്തിന് പുതു ചരിത്രവുമായി ന്യൂജേഴ്സി ഒരുങ്ങുന്നു. മലയാളികളുടെ ദേശീയോത്സവം മുന്നു സംഘടനകളുടെ നേതൃത്വത്തിൽ ഇക്കുറി ആഘോഷിച്ചു ചരിത്രം തിരുത്താൻ തയാറെടുക്കുകയാണ് ന്യൂജേഴ്സി മലയാളികൾ. ‘കെസിഎഫ്, മഞ്ച്, നാമം’ എന്നീ സംഘടനകൾ ഓണത്തപ്പനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ന്യൂജേഴ്സിയിലെ മലയാളികൾ ജാതിമത വർഗ വ്യത്യാസങ്ങൾക്കപ്പുറത്തു ഒരു ജാതിയ്ക്കും ഒരു മതത്തിനും പ്രാധാന്യം നൽകിയ കേരളീയ ഭരണാധിപനായിരുന്ന മഹാബലിയുടെ പ്രതാപം തിരികെ കൊണ്ടുവരാൻ ഒന്നായി പ്രവർത്തിക്കുകയാണിവിടെ.

‘ഓണം നമ്മുടെ ഉള്ളിൽ ഉണർത്തുന്നത് ഒരു ഗൃഹാതുരത്വമാണെന്നു നാമം സാംസ്കാരിക സംഘടയുടെ സ്‌ഥാപകൻ ബി.മാധവൻ നായർ പറഞ്ഞു. എങ്കിലും നമ്മുടെയുള്ളിൽ എവിടെയെങ്കിലും അറിഞ്ഞോ അറിയാതെയോ ആ നഷ്‌ടസ്മൃതി ഒരു നിമിഷാർദ്ധത്തേക്കെങ്കിലും ഉണർന്നാൽ വന്നാൽ അതാണ് ഓണം! അതിനായി ന്യൂജേഴ്സിയിലെമലയാളികൾ ഒന്നിക്കുകയാണ്. ഇവിടെ ജാതി മത ചിന്തകൾ ഇല്ല. ഓണം എന്ന മലയാളികളുടെ ഉത്സവം മാത്രം. മുൻകാലങ്ങളിൽ അമേരിക്കയുടെ വിവിധഭാഗങ്ങളിൽ പ്രത്യേകം പ്രത്യേകം ഓണാഘോഷങ്ങൾ ഉണ്ടായിരുന്നു അതൊക്കെ ഇന്ന് മാറി മറിയുന്നു. മലയാളികൾ ഒന്നാണെന്ന് ലോകത്തെ അറിയിക്കുവാൻ ഓണം പോലെ മറ്റൊരു ആഘോഷമില്ല. മുറ്റത്തും തൊടികളിലും ഊഞ്ഞാൽ വള്ളികളാൽ കെട്ടിയ ഊഞ്ഞാലുകളുടെ അരികിൽ ഊഴവും തേടി നിന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക് അത് തിരികെ കൊണ്ടുവരാൻ ഒരു ശ്രമം. അതിപ്പോൾ വിജയത്തിന്റെ പാതയിലാണ്. ഒരുദിവസം പൂർണ്ണമായും ഓണാഘോഷം. കൂട്ടുകാരെ ഉന്തിയും കൂടെക്കൂടിയും ഒരവസരത്തിനു വഴിയൊരുക്കിയിരുന്ന കാത്തുനിന്നിരുന്ന നാളുകൾ ഞങ്ങൾ ഇവിടെ പുതിയ തലമുറയ്ക്കായി ഒരുക്കുന്നു. അത് കാണുവാൻ ന്യൂജേഴ്സിയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു.

ന്യൂജേഴ്സിയിലെ മലയാളി സംഘടനകളിൽ വളരെ ശ്രദ്ധേയമായ സാന്നിധ്യമാണ് നാമം എന്ന സംഘടനയ്ക്കുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് നാമത്തിനു അമേരിക്കൻ മലയാളികൾക്കിടയിൽ മികച്ച സംഘടനാ എന്ന ഖ്യാതി നേടിയെടുക്കുവാൻ സാധിച്ചിട്ടുണ്ട്. സ്‌ഥാപക ചെയർമാൻ എന്ന നിലയിൽ നാമത്തിന്റെ വളർച്ചയിൽ സംതൃപ്തനാണ്. ഡോ. ഗീതേഷ് തമ്പി (പ്രസിഡന്റ്), സജിത് ഗോപിനാഥ് (സെക്രട്ടറി), ഡോ: ആശാ വിജയകുമാർ (ട്രഷറർ) ആയും നാമത്തിന്റെ പുതിയ കമ്മിറ്റി നേതൃത്വം സജീവമായി പ്രവർത്തിക്കുന്നു. 2015 ൽ നാമവും മഞ്ചും കൂടി ചേർന്നായിരുന്നു ഓണാഘോഷം നടത്തിയത്. മിനിസ്ക്രീൻ താരങ്ങളെയൊക്കെ അണിനിരത്തിയായിരുന്നു അത് സംഘടിപ്പിച്ചത്. അതിനേക്കാൾ ഭംഗിയായ നിലയിൽ ഇത്തവണ പരിപാടികൾ സംഘടിപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾഅണിയറയിൽ തുടങ്ങി കഴിഞ്ഞു.

കേരള കൾച്ചറൽ ഫോറം തുടങ്ങിയിട്ട് 27വർഷം പിന്നിടുമ്പോൾ ന്യൂജേഴ്സി മലയാളികളുടെ സാംസ്കാരിക തലസ്‌ഥാനമായി മാറുകയാണ്. ന്യൂജേഴ്സിയിലെ മലയാളികൾക്ക് ഒരു കുട നിവർത്തുന്നതുപോലെ ആയിരുന്നു സംഘടന തുടങ്ങുന്നകാലത്തു പ്രവർത്തനങ്ങൾ. ഇന്ന് സംഘടന വളർന്നു വലുതായിരിക്കുന്നു. ഇന്നുവരെ നിരവധി സാംസ്കാരിക പരിപാടികൾ കേരള കൾച്ചറൽ ഫോറം ന്യൂജേഴ്സിയിലെ മലയാളികൾക്കായി സംഘടിപ്പിച്ചിട്ടുണ്ട്. അതിൽ നിന്ന് വളരെ വ്യത്യസ്തമായിട്ടാണ് ഇത്തവണത്തെ ഓണാഘോഷം ഞങ്ങൾ കൊണ്ടാടുന്നത്. മഞ്ച്, നാമം എന്നെ സംഘടനകളും ഒപ്പം ചേരുമ്പോൾ ഓണം അതിന്റെ പൂർണ്ണ അർത്ഥത്തിൽ ന്യൂജേഴ്സിയിലെ മലയാളികൾ ആഘോഷിക്കും– കേരള കൾച്ചറൽ ഫോറത്തിന്റെ സ്‌ഥാപകനായ ടി എസ് ചാക്കോ പറഞ്ഞു.

സെപ്റ്റംബർ 18ന് ഞായറാഴ്ച വൈകുന്നേരം നാലു മുതൽ രാത്രി ഒമ്പത് വരെ ബർഗൻ ഫീൽഡിലെ സെന്റ് ജോൺസ് കത്തോലിക്കാ ദേവാലയത്തിലെ കോൺഫറൻസ് ഹാളിലാണ് (19 എൻ വില്യം സ്ട്രീറ്റ്) ഓണപ്പരിപാടിയും ഓണസദ്യയും ഒരുങ്ങുക. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ റിവ ഗാംഗുലി ദാസ് മുഖ്യാതിഥിയായിരിക്കും. ബർഗൻ കൗണ്ടി ചീഫ് എക്സിക്യൂട്ടീവ് ജയിംസ് ജെതെഡസ്കോട്ട്, പബ്ലിക് പ്രോസിക്യൂട്ടർ ഗുർബിയർസ്ഗ്രേ വാൾ, കൗണ്ടി ഭരണാധികാരികൾ, സമീപ ടൗണിലെ മേയർമാർ, സാമൂഹിക സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

ഓണാഘോഷദിവസം വാദ്യമേളങ്ങളോടെയും താലപ്പൊലിയോടെയും മാവേലിയേയും അതിഥികളേയും വരവേല്ക്കും. തിരുവാതരികളി, വിവിധതരം നൃത്തനൃത്യങ്ങൾ, ഗാനമേള, കോമഡിഷോ തുടങ്ങിയവ അരങ്ങേറും. തുടർന്നു വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.

കേരള കൾച്ചറൽ ഫോറത്തിന്റെ ഇരുപത്തിയേഴാം വാർഷികത്തോടനുബന്ധിച്ച് വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം കോൺസുലേറ്റ് ജനറൽ മുഖ്യാതിഥിയായിരിക്കും. ബർഗൻ കൗണ്ടി ചീഫും പബ്ലിക് പ്രോസിക്യൂട്ടറുമായ ഗുർബീവർ എസ്. ഗ്രേവാളും മറ്റു പ്രമുഖരും സന്ദേശം നല്കും. ബിജു കൊട്ടാരക്കര അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം