ദളിത് മുന്നേറ്റത്തെ മുഖ്യധാരാ കക്ഷികൾ ഹൈജാക്ക് ചെയ്യരുത്: ഐഡിസി സെമിനാർ
Thursday, September 1, 2016 5:55 AM IST
ജിദ്ദ: ഇന്ത്യയിൽ ഉയർന്നു വന്നിട്ടുള്ള ദളിത് മുന്നേറ്റത്തെ മുഖ്യധാരാ കക്ഷികൾ തകർക്കരുതെന്നും ദളിതർക്ക് ആവശ്യമായ പിന്തുണ കൊടുത്ത് അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനു അവരെ സഹായിക്കണമെന്നും ജിദ്ദ ഇസ്ലാമിക് ദഅവാ കൗൺസിൽ (ഐഡിസി) ഷറഫിയ ധർമപുരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ദളിത് മുന്നേറ്റം വിജയം കാണുമോ’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ആവശ്യപ്പെട്ടു.

ഇന്ത്യക്ക് 70 വർഷങ്ങൾക്കപ്പുറം രാഷ്ര്‌ടീയ സ്വാതന്ത്ര്യം ലഭിച്ചു എന്നല്ലാതെ സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ ദളിതർക്കിനിയും സ്വാതന്ത്ര്യം ഒരു സ്വപ്നമാണെന്ന് സെമിനാറിൽ പ്രസംഗിച്ച നവോദയ രക്ഷാധികാരി വി.കെ. റൗഫ് അഭിപ്രായപ്പെട്ടു. ദളിതനെ എന്നും പ്രാന്തവത്ക്കരിക്കാൻ സവർണൻ ശ്രമിച്ചിട്ടുണ്ടെന്നും കോൺഗ്രസിന്റെ രാഷ്ര്‌ടീയ ചൂഷണത്തിനു എന്നും ദളിതർ ഇരയാകുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ആധുനിക യുഗത്തിലും ദളിതർ ഇത്തരം പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ ഇത്രയും പരിഷ്കാരം കൈമുതലില്ലാത്ത കഴിഞ്ഞ കാലങ്ങളിൽ അവർ നേരിട്ട പീഡനങ്ങൾ തികച്ചും അതിഭീകരമായിരിക്കുമെന്നു പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.യു. ഇഖ്ബാൽ പറഞ്ഞു. സോഷ്യൽ മീഡിയകൾ സജീവമായതിനാലാണു ഇപ്പോൾ വാർത്തകൾ പുറം ലോകം അറിയുന്നതെന്നു പറഞ്ഞ അദ്ദേഹം ദളിത് മുന്നേറ്റ വാർത്തകൾ മുഖ്യധാരയിൽ നിന്നു തിരിച്ചുവിടാനുള്ള പ്രമുഖ മാധ്യമങ്ങളുടെ ഹീന ശ്രമങ്ങളെ വിമർശിച്ചു.

നിലവിൽ ഇന്ത്യയിലെ യഥാർഥ പ്രശ്നം ഭരണത്തിലെ ഫാസിസ്റ്റ് വത്കരണമാണെന്നു പറഞ്ഞ ഒഐസിസി നേതാവ് ഹക്കീം പാറക്കൽ കോൺഗ്രസ് എന്നും ദളിതന്റെ കൂടെ നിന്ന പാർട്ടിയാണെന്നും ദളിതനായ അംബേദ്കറെ ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രി ആക്കിയത് കോൺഗ്രസ് ആയിരുന്നു എന്നത് വിസ്മരിക്കാനാവില്ലെന്നും പറഞ്ഞു. തുടർന്നു ജംഇയത്തുൽ അൻസാർ നേതാവ് പി.എ. മുഹമ്മദ്, പ്രശസ്ത ബ്ലോഗർ ബഷീർ വള്ളിക്കുന്ന് എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ