റിപ്പബ്ലിക്കൻ പ്രൈമറിയിൽ ജോൺ മക്കയ്ന് ഉജ്‌ജ്വല വിജയം
Thursday, September 1, 2016 5:52 AM IST
അരിസോണ: റിപ്പബ്ലിക്കൻ പാർട്ടിയിലെ തലമുതിർന്ന നേതാവും അരിസോണയിൽനിന്നുള്ള സെനറ്ററുമായ ജോൺ മക്കയിന് റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഉജ്‌ജ്വല വിജയം. സ്റ്റേറ്റ് സെനറ്ററായ കെല്ലി വാർഡിനെയാണ് ജോൺ മക്കയ്ൻ പരാജയപ്പെടുത്തിയത്.

മുപ്പതുവർഷമായി അരിസോണയെ പ്രതിനിധീകരിച്ച് സെനറ്റിൽ അംഗമാണ് ജോൺ മക്കയ്ൻ. എൺപതുകാരനായ മക്കയ്ന് സെനറ്റിൽ ക്രിയാത്മകമായി പ്രവർത്തിക്കുവാൻ കഴിയുകയില്ലെന്ന കെല്ലിയുടെ പ്രചാരണത്തിനേറ്റ തിരിച്ചടി കൂടിയാണ് ഈ വിജയം. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ കെല്ലി വാർഡിനേക്കാൾ വളരെ മുന്നിലായിരുന്നു ജോൺ. എൺപതാം പിറന്നാളിനു തലേദിവസം വന്ന വിജയം പിറന്നാൾ സമ്മാനമായാണ് കാണുന്നതെന്നാണ് മക്കയ്ൻ പ്രതികരിച്ചത്. ട്രംപിന്റെ കടുത്ത വിമർശകൻ കൂടിയാണ് മക്കയ്ൻ. നവംബറിൽ നടക്കുന്ന തെരഞ്ഞടുപ്പിൽ അരിസോണയിൽനിന്നും ജോൺ മക്കയ്ൻ യുഎസ് സെനറ്റിൽ എത്തുമെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ