റിയാദിൽ യുപി സ്വദേശിയായ സ്കൂൾ വിദ്യാർഥിയെ കാണാതായി
Wednesday, August 31, 2016 7:03 AM IST
റിയാദ്:*യുപി സ്വദേശിയായ സ്കൂൾ വിദ്യാർഥിയെ റിയാദിൽ കാണാതായതായി പരാതി ലഭിച്ചു. അൽ അലിയ ഇന്റർനാഷണൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി സയ്യദ് ബാസിൽ അലി ജഫ്രി (15) ആണ് റിയാദ് ഓൾഡ് സനയ്യയിൽ നിന്നു കാണാതായത്.*

ഓഗസ്റ്റ് 30നു ഉച്ചക്ക് ശേഷം ഓൾഡ് സനയ്യയിലെ താമസ സ്‌ഥലത്തുനിന്നും ഇളയ സഹോദരിമാരെ സമീപത്തുതന്നെയുള്ള ട്യൂഷൻ എടുക്കുന്ന വീട്ടിൽ കൊണ്ടുചെന്നാക്കിയ ശേഷം മടങ്ങിയ ബാസിൽ അലി വീട്ടിലെത്തിയില്ലെന്നു മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.

ഖാലിദിയ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നു രാത്രി മുഴുവൻ പോലീസും മാതാപിതാക്കളും ബന്ധുക്കളും പരിചയക്കാരും വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തെരച്ചിൽ ബുധനാഴ്ച്ച വൈകിട്ടും തുടരുകയാണ്.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലൊ പിതാവ് സയ്യദ് അൻവർ അലി ജഫ്രിയയൊ ബന്ധപ്പെടുക 055 433 8606.