തോമസ് തോപ്പിലിനു യാത്രയയപ്പു നൽകി
Wednesday, August 31, 2016 6:59 AM IST
റിയാദ്: ഇരുപത്തിമൂന്നു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന കേളി പ്രവർത്തകൻ ഇടുക്കി തൊടുപുഴ സ്വദേശി തോമസ് തോപ്പിലിന് കേളി ഉമ്മൽഹമാം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്നു യാത്രയയപ്പു നൽകി.

കേളിയുടെ സജീവ പ്രവർത്തകനായിരുന്ന തോമസ് തോപ്പിൽ ഉമ്മൽഹമാം ഏരിയ പ്രസിഡന്റ്, കേന്ദ്ര സാംസ്കാരിക വിഭാഗം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേളി ഉമ്മൽഹമാം ഏരിയയിലെ മുറൂജ് യുണിറ്റിന്റെ സ്‌ഥാപക അംഗങ്ങളിൽ ഒരാളായിരുന്ന തോമസ്, കലാ സാംസ്കാരിക സാഹിത്യ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കഴിഞ്ഞ 23 വർഷമായി റിയാദിലെ ഒരു പ്രമുഖ ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസിലാണ് ജോലി ചെയ്തിരുന്നത്.

ബത്ത ക്ലാസിക് ഹാളിൽ നടന്ന യാത്രയയപ്പു സമ്മേളനത്തിൽ ഉമ്മൽഹമാം ഏരിയ രക്ഷാധികാരിസമിതി കൺവീനർ ചന്തു ചൂഡൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഏരിയ സെക്രട്ടറി പി.കെ. മുരളി കേളിയുടെ ഉപഹാരം സമ്മാനിച്ചു. കേളി മുഖ്യ രക്ഷാധികാരി കെ.ആർ. ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് മുഹമ്മദ്കുഞ്ഞു വള്ളികുന്നം, കേന്ദ്രകമ്മിറ്റി അംഗങ്ങളായ രവീന്ദ്രൻ പട്ടുവം, സെൻ ആന്റണി, സാംസ്കാരിക വിഭാഗം കൺവീനറും കേന്ദ്രകമ്മിറ്റി അംഗവുമായ ടി.ആർ. സുബ്രഹ്മണ്യൻ, ജോ. കൺവീനർ രാജു നീലകണ്ഠൻ, സൈബർ വിംഗ് ചെയർമാൻ സിജിൻ കൂവള്ളൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ അജയകുമാർ, കൃഷ്ണകുമാർ, പി.കെ. ഷാജു, യുണിറ്റ് സെക്രട്ടറിമാർ എന്നിവർ സംസാരിച്ചു.