ജോൺ കൊച്ചാക്കന്റെ പൊതുദർശനവും പ്രാർഥന ശുശ്രൂഷയും സെപ്റ്റംബർ ഒന്നിന്
Wednesday, August 31, 2016 6:55 AM IST
സാൻഫ്രാൻസിസ്കോ: സെന്റ് മേരീസ് യാക്കോബായ ദേവാലയ സ്‌ഥാപകാംഗം നിര്യാതനായ ജോൺ കൊച്ചാക്കന്റെ മൃതദേഹം സെപ്റ്റംബർ ഒന്നിനു (വ്യാഴം) വൈകുന്നേരം 6.30 ന് പൊതുദർശനത്തിനു വയ്ക്കും. തുടർന്നു പരേതന്റെ നിത്യശാന്തിക്കായി അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത യൽദൊ മോർ തീത്തോസിന്റെ പ്രധാന കാർമികത്വത്തിൽ ശുശ്രൂഷകൾ നടക്കും. ഇടവകയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി നൂറു കണക്കിനാളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്നു വികാരി ഫാ. തോമസ് കോര അറിയിച്ചു.
സംസ്കാരം മെത്രാപ്പോലീത്താമാരുടേയും വൈദികരുടേയും കാർമികത്വത്തിൽ പിന്നീട് കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രലിൽ.

നാലു പതിറ്റാണ്ടുകൾക്കു മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ ജോൺ യാക്കോബായ സഭാ വിശ്വാസം അമേരിക്കൻ മണ്ണിൽ പടുത്തുയർത്തുന്നതിനും വരും തലമുറയെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുന്നതിനും അശ്രാന്ത പരിശ്രമം നടത്തിയവരിലൊരുവാനായിരുന്നു. സഭാ വിശ്വാസതലങ്ങളിലെ വിവിധ പ്രവർത്തനങ്ങൾക്കുപുറമേ, പൊതുപ്രവർത്തന രംഗത്തും തന്റേതായ വ്യക്‌തിമുദ്ര പതിപ്പിച്ചിട്ടുളള അദ്ദേഹം സാൻഫ്രാൻസിസ്കോ മലയാളി സമൂഹത്തിലെ നിറസാന്നിധ്യവുമായിരുന്നു. പയനീർ ക്ലബ് പ്രസിഡന്റ് സെന്റ് മേരീസ് പളളി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള ജോൺ കണ്ടനാട് ആലുങ്കൽ കുടുംബാംഗമാണ്. ഭാര്യ ശോശാമ്മ ജോൺ ചുണ്ടാമണ്ണിൽ. ബിജി ജോൺ, അജി ജോൺ എന്നിവർ മക്കളാണ്.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ