തൃശൂരിൽ നിന്ന് ഏഴ് വർഷം മുൻപ് കാണാതായ ആളെ ഗൾഫിൽ കണ്ടെത്തി
Tuesday, August 30, 2016 10:40 PM IST
മുളങ്കുന്നത്തുകാവ്: ഏഴു വർഷം മുമ്പു കാണാതായയാൾ ഗൾഫിൽ നിന്ന് എത്തി. മുണ്ടത്തിക്കോട് സ്വദേശിയായ ജയപ്രകാശാണു (43) നാട്ടിലെത്തിയത്. മെഡിക്കൽ കോളജ് പോലീസിന്റെ ഇടപെടലിലാണു ജയപ്രകാശിനെ നാട്ടിലെത്തിക്കാനായത്.

മകനെ കാണാനില്ലെന്നു ജയപ്രകാശിന്റെ അമ്മ മൂന്നു മാസം മുമ്പു മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ പോലീസ് വിമാനത്താവളങ്ങളും എംബസികളും വഴി നടത്തിയ അന്വേഷണത്തിനൊടുവിലാണു ജയപ്രകാശ് വിദേശത്തുള്ളതായി കണ്ടെത്തിയത്. പിന്നീട് എംബസി വഴി ഇയാളെ നാട്ടിലെത്തിച്ചു.

കോടതിയിൽ ഹാജരാക്കിയ ഇയാളെ ബന്ധുക്കളോടൊപ്പം മടങ്ങാൻ പോലീസ് അനുവദിച്ചു. മകനെ തിരികെ എത്തിക്കാൻ നടപടിയെടുത്തതിനു നന്ദി പറയാൻ വൃദ്ധയായ മാതാവ് പോലീസ് സ്റ്റേഷനിലെത്തി.