‘ഹജ്‌ജ് നൽകുന്നത് തൗഹീദിന്റെ സന്ദേശം’
Tuesday, August 30, 2016 7:09 AM IST
റിയാദ്: തൗഹീദിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഖലീലുല്ലാഹി ഇബ്റാഹിം നബിയുടെയും പുത്രൻ ഇസ്മായിൽ നബിയുടെയും ത്യാഗോജ്വലമായ സന്ദേശമാണ് ഹജ്‌ജിൽ നിറഞ്ഞു നിൽക്കുന്നതെന്നു പ്രമുഖ പണ്ഡിതനും മജ്മഅ കാൾ ആൻഡ് ഗൈഡൻസ് സെന്റർ മലയാള വിഭാഗം പ്രബോധകനുമായ ഹംസ ജമാലി. റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി (ആർഐസിസി) യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇസ്ലാഹി ഹജ്‌ജ് സർവീസസ് സംഘടിപ്പിച്ച ഹജ്‌ജ് ക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സങ്കടങ്ങളും ആവലാതികളും അല്ലാഹുവിൽ സമർപ്പിക്കുന്നതിനു പകരം ഹജ്‌ജ് യാത്രാ വേളകളിൽ പോലും അവ പുണ്യപുരുഷന്മാരുടെ ദർഗകളിൽ സമർപ്പിച്ചുകൊണ്ട് വിശുദ്ധമായ ഹജ്‌ജ്കർമങ്ങളെ നിഷ്ഫലമാക്കിക്കളയുന്ന പ്രവർത്തനങ്ങളെ വിശ്വാസി സമൂഹം ജാഗ്രതയോടെ കാണണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ആർഐസിസി ചെയർമാൻ സുഫ്യാൻ അബ്ദുസലാം അധ്യക്ഷത വഹിച്ചു. ഉമർ ഫാറൂഖ് മദനി (സുൽത്താന ജാലിയാത്ത്), താജുദ്ദീൻ സലഫി (മറാത്ത് ജാലിയാത്ത്), അബ്ദുല്ല അലവി മദീനി (ഹഫർ അൽബാത്തിൻ), യൂസുഫ് സ്വലാഹി എന്നിവർ സംശയ നിവാരണം പരിപാടിക്കു നേതൃത്വം നൽകി.

ഹാജിമാർക്കായി തയാറാക്കിയ ആർഐസിസി ഹജ്‌ജ് കിറ്റിന്റെ വിതരണോദ്ഘാടനം റിയാദ് കിംഗ് സൗദ് യൂണിവേഴ്സിറ്റിയിലെ ഡോ. ഹംസകുട്ടിക്ക് കിറ്റ് നൽകി താജുദ്ദീൻ സലഫി നിർവഹിച്ചു. എൻജിനിയർ ഉമർ ശരീഫ് ഹാജിമാർക്കുള്ള നിർദ്ദേശങ്ങൾ നൽകി. ഇസ്ലാഹി ഹജ്‌ജ് സർവീസസ് കൺവീനർ മുനീർ പാപ്പാട്ട്, നബീൽ പയ്യോളി എന്നിവർ പ്രസംഗിച്ചു.