ഐടിഎൽ വേൾഡ് ലണ്ടൻ ഓഫീസ് ഉദ്ഘാടനം ഒക്ടോബർ 31ന്
Tuesday, August 30, 2016 6:57 AM IST
റിയാദ്: ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് വളരെ കുറഞ്ഞ കാലം കൊണ്ട് ഏറെ പ്രശസ്തി നേടിയ ഐടിഎൽ വേൾഡിന്റെ യുണൈറ്റഡ് കിംഗ്ഡം ഓഫീസ് ഉദ്ഘാടനം ഒക്ടോബർ 31നു (ബുധൻ) വൈകുന്നേരം നാലിനു ലണ്ടനിൽ നടക്കും.

ലണ്ടനിലെ എസക്സിലെ ഇൽഫോർഡിൽ ഓഫീസിന്റെ ഉദ്ഘാടനം സൗദിയിലെ പ്രമുഖ ഡയറി ഫാം കമ്പനിയായ നാഷണൽ അഗ്രികൾച്ചർ ഡവലപ്മെന്റ് കമ്പനി (നാദക്) മാനേജിംഗ് ഡയറക്ടർ എൻജിനിയർ അബ്ദുൽ അസീസ് അൽ ബാബ്തയിൻ നിർവഹിക്കും. ബ്രിട്ടീഷ് പാർലമെന്റ് അംഗം യുകെയിലെ വിവിധ ജിസിസി രാജ്യങ്ങളിലെ അംബാസഡർമാർ, ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതിനിധികളും കൂടാതെ യുകെയിലെ പ്രമുഖ വ്യവസായ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കുമെന്ന് ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദിഖ് അഹമ്മദ് അറിയിച്ചു.

2006 ൽ ദുബായിൽ തുടക്കം കുറിച്ച ഐടിഎൽ വേൾഡ് 15 രാജ്യങ്ങളിലായി നാല്പതോളം കമ്പനികളുള്ള ഇറാം ഗ്രൂപ്പിന്റെ കീഴിലുള്ള സ്‌ഥാപനമാണ്. ഇന്ത്യ, തായ്ലന്റ്, മലേഷ്യ എന്നീ രാജ്യങ്ങളോടൊപ്പം ഗൾഫിലെ സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹറിൻ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലായി നിരവധി ശാഖകളുണ്ട്.

ഏഷ്യൻ, അറബ് രാജ്യങ്ങളെ പാശ്ചാത്യ രാജ്യങ്ങളുമായി ടൂറിസം മേഖലയിൽ കൂടുതൽ ബന്ധപ്പെടുത്തുന്നതിനു പുതിയ വികസനംകൊണ്ട് സാധിക്കുമെന്നു ഡോ. സിദ്ദിഖ് അഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.

ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ഗൾഫ് രാജ്യങ്ങളിലെ അഞ്ചാമത്തെ വലിയ കമ്പനിയായി അറേബ്യൻ ട്രാവൽ ന്യൂസിന്റെ പട്ടികയിൽ സ്‌ഥാനം പിടിച്ചിട്ടുള്ള ഐടിഎൽ വേൾഡിന്റെ ട്രിപ്പ് മേക്കേഴ്സ്, മൈസ് മൈൻഡ്സ്, എഡ്യു വോയേജ്, അറേബ്യൻ എക്സ്പീരിയൻസ് തുടങ്ങിയ ബ്രാൻഡുകൾ ഏറെ പ്രസിദ്ധമാണ്.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ