കേളി രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
Monday, August 29, 2016 7:00 AM IST
റിയാദ്: സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള കിംഗ് സൗദ് മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്കുമായി സഹകരിച്ച് കേളി കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ രണ്ടിനു (വ്യാഴം) രാവിലെ എട്ടു മുതൽ അൽ മദീന ഹൈപ്പർ മാർക്കറ്റ് ഹാളിലാണ് ക്യാമ്പ്. വൈകുന്നേരം അഞ്ചുവരെയാണ് ക്യാമ്പ്. കിംഗ് സൗദ് മെഡിക്കൽ സിറ്റി (സുമേഷി ആശുപത്രി) ബ്ലഡ് ബാങ്ക് ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തിനായിരിക്കും ക്യാമ്പിന്റെ ചുമതല.

കഴിഞ്ഞ വർഷവും ഹജ്‌ജിനു മുന്നോടിയായി കേളി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഏകദേശം ആയിരത്തിലധികം പേർ രക്‌തം നൽകാൻ എത്തിയിരുന്നെങ്കിലും അറുന്നൂറോളംപേരുടെ രക്‌തം മാത്രമെ*സ്വീകരിക്കാൻ കഴിഞ്ഞിരുന്നുള്ളു. ഇത്തവണ രക്‌തം സ്വീകരിക്കുന്നതിനായി കൂടുതൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് ബ്ലഡ് ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ടെന്നു വാർത്താ സമ്മേളനത്തിൽ റഷീദ് മേലേതിൽ പറഞ്ഞു.