ഓസ്ട്രിയയിൽ പോലീസ് ഉദ്യോഗസ്‌ഥ യൂണിഫോം അഴിച്ചുവച്ചു സഭാവസ്ത്രം സ്വീകരിച്ചു
Friday, August 26, 2016 7:52 AM IST
വിയന്ന: വിയന്നയിലെ ഒരു സർക്കാർ ഉദ്യോഗസ്‌ഥ നിയമത്തിന്റെ കാർക്കശ്യം ഉപേക്ഷിച്ച് സ്നേഹത്തിന്റെ സഭാവസ്ത്രം സ്വീകരിച്ചു. വിയന്നയിലെ ഒന്നാമത്തെ ജില്ലയിലെ പോലീസ് ഉദ്യോഗസ്‌ഥയാണ് ഏറെ ആകർഷകമായ പോലീസ് ഉദ്യോഗം വലിച്ചെറിഞ്ഞ് കന്യാസ്ത്രീ ആയത്.

പോലീസിൽ അഭിഭാഷകയായി ജോലി ചെയ്തു വരവേ പെട്ര എന്ന ഉദ്യോഗസ്‌ഥക്ക് പ്രത്യേകിച്ച് പുതുതായി തനിക്ക് ഒന്നും ചെയ്യാനില്ലെന്നു മനസിലായത്. ക്രമസമാധാനപാലകയായി അഞ്ചു വർഷം ജോലി ചെയ്തപ്പോൾ കടുത്ത അസംതൃപ്തിയും ജോലിയിൽ പ്രത്യേകിച്ച് ഒരു സന്തോഷവും പുതുമയും അവർക്ക് തോന്നിയില്ല. അങ്ങനെ അവർ തീരുമാനിച്ചു, തന്റെ പോലീസ് ജീവിതം മാറ്റുവാൻ. കർമലീത്താ സഭയെപ്പറ്റി കേട്ടറിഞ്ഞ അവർ ഓസ്ട്രിയയിലെ സ്റ്റയർമാർക്കിലെ മഠം അസ്‌ഥാനത്തുചെന്ന് അവിടെ ഒൻപതു മാസം താമസിച്ചു. ഒടുവിൽ പെട്രയ്ക്ക് ഒന്നു മനസിലായി താൻ നാളിതുവരെ അന്വേഷിച്ച സമാധാനം, സന്തോഷം എന്നിവ ഇവിടെയുണ്ട് എന്ന്. പിന്നെ ഒട്ടും താമസിച്ചില്ല സഭാ വസ്ത്രം സ്വീകരിക്കാൻ തന്നെ തീരുമാനിച്ചു. സുന്ദരികളായ ചെറുപ്പക്കാർ മോഹമായി കൊണ്ടുനടക്കുന്ന പോലീസ് ഉദ്യോഗം വലിച്ചെറിഞ്ഞ്, പെട്ര ക്രാൻസ്ലർ എന്ന പോലീസ് ഉദ്യോഗസ്‌ഥ സിസ്റ്റർ പെട്ര മറിയ ആയി മാറി.

2012 മുതൽ സിസ്റ്റർ പെട്ര മറിയ ഹിറ്റ്സിംഗിലെ കർമലീത്ത സഭയുടെ ഗുഡ് ഷെഫേർഡ് മഠത്തിൽ സേവനത്തിനുപുറമേ അടുക്കളപ്പണിയും തുണിയലക്കും ഓസ്തി നിർമാണവുമായി കഴിഞ്ഞുകൂടുന്നു.

തന്റെ സഭാജീവിതത്തെപ്പറ്റി ഇങ്ങനെ പറയുന്നു. പ്രാർഥനയും സേവനവും ചേർന്ന, നിത്യതയുടെ പുതിയ ജീവിതത്തിലേക്ക് തന്നെ കൈപിടിച്ചു നടത്തിയ ദൈവത്തിനു സ്തുതി.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ