റിയാദ് നവോദയ ചികിത്സ ധനസഹായം നൽകി
Friday, August 26, 2016 7:40 AM IST
റിയാദ്: തൈറോയ്ഡ് ഗ്രന്ഥിയെ ബാധിച്ച ഗുരുതരമായ അസുഖത്തെതുടർന്നു സംസാരശേഷിപോലും നഷ്ടപ്പെട്ടിരുന്ന എറണാകുളം പരവൂർ സ്വദേശി തോമസ് ജോർജിന് (60) റിയാദ് നവോദയ ചികിത്സ ധനസഹായം കൈമാറി. നവോദയയുടെ ശുമേസി മേഖല പ്രവർത്തകരായ ജയജിത്ത്, അനസ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രവാസികളിൽ നിന്നും സ്വരൂപിച്ച 5175 റിയാൽ നവോദയ ഓഫീസിൽ വച്ച് തോമസ് ജോർജിനു കൈമാറി. ചടങ്ങിൽ നവോദയ ജീവകാരുണ്യ പ്രവർത്തകരായ ഉദയഭാനു, അഷ്റഫ്, പ്രസാദ്, ലത്തീഫ് എന്നിവർ പങ്കെടുത്തു.

തോമസ് ജോർജിന് കഴിഞ്ഞ 26 വർഷമായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. റിയാദ്– ശുമേസിയിൽ കെട്ടിട നിർമാണ തൊഴിലാളിയായിരുന്ന ഇദ്ദേഹത്തെ സ്പോൺസർ കൈയൊഴിഞ്ഞതിനാൽ ഇഖാമ പുതുക്കാൻ കഴിയാതിരുന്നതും പസ്പോർട്ട് കൈവശം ഇല്ലാതിരുന്നതുമാണ് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചില്ല. ഭാരിച്ച പിഴയൊടുക്കാൻ വഴിയില്ലാത്തതിനാൽ യാത്ര സ്വയം വൈകിപ്പിക്കുകയായിരുന്നു.

നവോദയ ജീവകാരുണ്യ വിഭാഗം കൺവീനർ ലത്തീഫ് കല്ലമ്പബലം തോമസിന്റെ ദയനീയ അവസ്ഥ ഇന്ത്യൻ എംബസിയെ അറിയിച്ചതിനെ തുടർന്നു താത്കാലിക പാസ്പോർട്ട് എംബസി നൽകുകയും പ്രമുഖ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ സഹായത്തോടെ ദമാം ഡീപോർട്ടേഷൻ സെന്റർ വഴി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.