നായർ സംഗമം 2016 പ്രൗഢഗംഭീരമായി
Thursday, August 25, 2016 8:13 AM IST
ഷിക്കാഗോ: നായർ സർവീസ് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ മൂന്നാമത് ദേശീയ നായർ സമഹാസംഗമം പ്രൗഢഗംഭീരമായി. ഓഗസ്റ്റ് 12 മുതൽ 14 വരെ ഹൂസ്റ്റൺ വിദ്യാധിരാജ നഗറിൽ (ക്രൗൺ പ്ലാസ) നടന്ന നായർ സംഗമം സ്വാമി ഉദിത് ചൈതന്യജി, രാജ്യസഭാംഗവും സിനിമാതാവുമായ സുരേഷ് ഗോപി, പ്രസിഡന്റ് ജി.കെ. പിള്ള, ജനറൽ സെക്രട്ടറി സുനിൽ നായർ, ട്രഷറർ പൊന്നുപിള്ള, കൺവൻഷൻ ചെയർമാൻ ഡോ. മോഹൻ കുമാർ, കോൺസൽ ജനറൽ അനുപം റേ, സ്‌ഥാപക പ്രസിഡന്റ് മന്മഥൻ നായർ, യൂത്ത് ചെയർ രേവതി നായർ എന്നിവർ ചേർന്നു ഉദ്ഘാടനം ചെയ്തു.

കൂടുതൽ യുവജനങ്ങളുടേയും കുട്ടികളുടേയും പ്രതിനിധ്യം സംഘടനയിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനു യുവജനങ്ങൾക്ക് പ്രചോദനം നൽകുന്ന കർമപരിപാടികൾ ആവിഷ്കരിക്കുന്നതിനെക്കുറിച്ചും അതിനായി അമേരിക്കയിലുടനീളം കൂടുതൽ സ്‌ഥലങ്ങളിൽ നായർ കൂട്ടായ്മകൾക്ക് തുടക്കംകുറിച്ചതായും ജനറൽ സെക്രട്ടറി സ്വാഗതപ്രസംഗത്തിൽ പ്രതിപാദിച്ചു.

രാജ്യസഭാംഗം സുരേഷ് ഗോപി നായർ സംഗമം 2016 ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി പ്രതിപാദിച്ചു. സംഗമത്തിൽ പങ്കെടുത്ത് ഒരു വൻവിജയമാക്കിത്തീർത്തവർക്കും പ്രസിഡന്റ് ജി.കെ. പിള്ള നന്ദി പറഞ്ഞു.

ഡോ. ചിത്ര ചന്ദ്രശേഖരൻ, ജയൻ മുളങ്ങാട്, ബാലു മേനോൻ തുടങ്ങിയവർ മൂന്നുദിവസം നീണ്ടുനിന്ന നായർ സംഗമത്തിൽ വിവിധ കലാപരിപാടികൾക്ക് നേതൃത്വം നൽകി. സുനന്ദ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിന്റെ ഡാൻസ്, രശ്മി നായരുടെ കഥക്, രജനി മേനോൻ അവതരിപ്പിച്ച കഥകളി, ഗീതു സുരേഷിന്റെ ഓട്ടൻതുള്ളൽ, ആര്യനായരും ദിവ്യനായരും ചേർന്ന് അവതരിപ്പിച്ച ഡിവോഷണൽ ഡാൻസ്, ഹൂസ്റ്റൺ എൻഎസ്എസിലെ കുട്ടികളുടെ ഡാൻസ്, നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോ അവതരിപ്പിച്ച നാടകം, ഡാളസ് ടീം അവതരിപ്പിച്ച തിരുവാതിരകളി തുടങ്ങി ഒട്ടനവധി കലാപരിപാടികൾ ചടങ്ങിനെ ആനന്ദഭരിതമാക്കി.

ചടങ്ങിൽ സുരേഷ് ഗോപിയെ ആദരിച്ചു ഫലകവും നൽകി. അമേരിക്കയിലെ വിവിധ സ്‌ഥലങ്ങളിലെ കരയോഗങ്ങളുടെ പ്രസിഡന്റുമാരായ എംഎൻസി നായർ (ഷിക്കാഗോ), രാജേഷ് നായർ (കലിഫോർണിയ), വികാസ് (ഡാളസ്), സുരേഷ് നായർ (പെൻസിൽവേനിയ), പൊന്നുപിള്ള (ഹൂസ്റ്റൺ) തുടങ്ങിയവർ അവരുടെ കരയോഗങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം സംഗമത്തിൽ പങ്കെടുത്തവർക്ക് പ്രത്യേക അനുഭൂതിയുളവാക്കി. ജയൻ മുളങ്ങാട് നേതൃത്വം നൽകി അവതരിപ്പിച്ച മിസ്റ്റർ ആൻഡ് മിസിസ് നായർ പരിപാടിയിൽ മാധവദാസും ബീന നായരും മിസ്റ്റർ ആൻഡ് മിസിസ് ആയി തെരഞ്ഞെടുക്കപ്പെട്ടു. പത്മതീർഥം സുവനീറിന്റെ പ്രകാശനം ആദ്യപ്രതി സ്വാമി ഉദിത് ചൈതന്യയ്ക്ക് നൽകി പ്രസിഡന്റ് ജി.കെ. പിള്ള നിർവഹിച്ചു. ആർദ്ര ബാലചന്ദ്രൻ ചടങ്ങിൽ എംസിയായിരുന്നു. ബാലൻ നായരുടെ നേതൃത്വത്തിൽ ഭക്ഷണം തയാറാക്കി. ഡോ. രഞ്ജിത് പിള്ള ബിസിനസ് സെമിനാറിനു നേതൃത്വം നൽകി. ഊർമിള, മുരളീനായർ, വേണു പിള്ള, രേവതി നായ, അജിത് നായർ, മനോജ് നായർ, ആനന്ദ് ഗുരുവായൂർ, അപ്പു നായർ, മാധവദാസ് നായർ, പ്രദീപ് പിള്ള, ഹരി ശിവരാമൻ, ഹരി നായർ തുടങ്ങിയവർ വിവിധ സെക്ഷനുകൾക്കു നേതൃത്വം നൽകി.

സമാപന ദിവസം അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി എം.എൻ.സി നായർ (പ്രസിഡന്റ്), അജിത് നായർ (ജനറൽ സെക്രട്ടറി), മഹേഷ് കൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. 2018 ലെ നായർ സംഗമം ഷിക്കാഗോയിൽ നടത്താനും തീരുമാനമായി.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം