എച്ച് വൺ ബി വീസ: ഇന്ത്യക്ക് ഒന്നാം സ്‌ഥാനം
Wednesday, August 24, 2016 7:08 AM IST
വാഷിംഗ്ടൺ: അമേരിക്കയിലേക്ക് എച്ച് വൺ ബി വീസയിൽ വരുന്നവരുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് ഒന്നാം സ്‌ഥാനമെന്നു ഇന്റർനാഷണൽ വീസ വിതരണം ചെയ്യുന്ന വാഷിംഗ്ടണിലെ ഉയർന്ന ഉദ്യോഗസ്‌ഥർ ഓഗസ്റ്റ് 23ന് അറിയിച്ചു.

എച്ച് വൺ ബി വീസയുടെ ഫീസിൽ വൻ വർധനയുണ്ടായിട്ടും വീസയ്ക്കു വേണ്ടി അപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിച്ചു വരുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ അമേരിക്ക വിതരണം ചെയ്ത എച്ച് വൺ ബി വീസകളുടെ 70 ശതമാനം ഇന്ത്യക്കാർക്കാണു ലഭിച്ചിട്ടുള്ളതെന്നു കോൺസൽ അഫയേഴ്സ് ഓഫ് സ്റ്റേറ്റ് യുഎസ് അസിസ്റ്റന്റ് സെക്രട്ടറി മിഷേൽ ബോൺ പറഞ്ഞു. എച്ച് വൺ ബി വീസയ്ക്ക് അർഹതയുള്ള അപേക്ഷകരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽനിന്നുള്ളവരാണ്.

ഇതുവരെ നൽകിയ എച്ച് വൺ ബി വീസയുടെ 30 ശതമാനം ഇന്ത്യക്കാർക്കാണു ലഭിച്ചിട്ടുള്ളത്. എച്ച് വൺ വീസയുടെ ഫീസ് 4000 ഡോളറും എൽ വൺ വീസയുടെ ഫീസ് 4500 ഡോളറുമായി ഉയർത്തിയിട്ടും അപേക്ഷകരുടെ എണ്ണത്തിൽ ഒരു കുറവില്ലെന്നു മിഷേൽ പറയുന്നു.

ഇരു രാജ്യങ്ങളിലേയും കോൺസൽമാർ തമ്മിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുനായി മിഷേൽ ബോണിന്റെ നേതൃത്വത്തിൽ ഒരു സംഘം വാഷിംഗ്ടണിൽ നിന്നും ഇന്ത്യയിലേക്കു തിരിച്ചിട്ടുണ്ട്. (കോൺസുലർ, പാസ്പോർട്ട്, വീസ) ജോം സെക്രട്ടറി പി. കുമാരന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം അംഗങ്ങളുമായി ഇവർ ചർച്ച നടത്തും.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ