കേളിയുടെ ആംബുലൻസ് കൊടിയേരി കൈമാറും
Wednesday, August 24, 2016 7:05 AM IST
റിയാദ്: റിയാദ് കേളി കലാ സാംസ്കാരികവേദി സംഘടിപ്പിച്ച എട്ടാമത് ഫുട്ബോൾ ടൂർണമെന്റിനോടനുബന്ധിച്ചു നാട്ടിൽ പൊതുസമൂഹത്തിനു നൽകുമെന്നു പ്രഖ്യാപിച്ച ആംബുലൻസ് ഓഗസ്റ്റ് 26നു (വെള്ളി) കൈമാറും. തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ തൈക്കാടുള്ള ഇ.കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസ് ആൻഡ് മോർച്ചറി സർവീസ് യൂണിറ്റിനു ആംബുലൻസിന്റെ താക്കോൽ കൈമാറും. അടിയന്തര പ്രാഥമിക ചികിത്സക്കാവശ്യമായ സൗകര്യങ്ങളോടുകൂടിയതാണ് ഈ ആംബുലൻസ്.

ആംബുലൻസ് ആൻഡ് മോർച്ചറി സർവീസസ്, പാലിയേറ്റീവ് കെയർ, സൗജന്യ ചികിത്സാ സഹായം, തിരുവനന്തപുരം റിജണൽ കാൻസർ സെന്റർ, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പാവപ്പെട്ട രോഗികൾക്ക് ആവശ്യമായ സൗജന്യ സഹായമെത്തിക്കുക, നിർധനരായ രോഗികൾക്ക് സാന്ത്വന പരിചരണവും ചികിത്സയും ലഭ്യമാക്കുക, രോഗികളോടൊപ്പം എത്തുന്ന സഹായികൾക്ക് താമസ ഭക്ഷണ സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ സേവന പ്രവർത്തനങ്ങളിലാണ് ഇ.കെ. നായനാർ ട്രസ്റ്റ് ഏർപ്പെട്ടിരിക്കുന്നത്.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറിയും ഇ.കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിംഗ ്ട്രസ്റ്റിയുമായ ആനാവൂർ നാഗപ്പൻ, ചെയർമാൻ എം. വിജയകുമാർ, രാഷ്ട്രീയ സാമൂഹ്യ ജീവകാരുണ്യ രംഗത്തെ പ്രമുഖകർ, കേളി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുമെന്നു കേളി മുഖ്യരക്ഷാധികാരി കെ.ആർ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി റഷീദ് മേലേതിൽ, പ്രസിഡന്റ് മുഹമ്മദ്കുഞ്ഞ് വള്ളികുന്നം അറിയിച്ചു.