ഡാളസിൽ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് ഊഷ്മള വരവേല്പ്
Tuesday, August 23, 2016 6:33 AM IST
ഡാളസ്: അമേരിക്കൻ സന്ദർശനാർഥം ഡാളസിലെ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ സന്ദർശിക്കാനെത്തിയ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയെ ഡാളസ് രാജ്യാന്തര വിമാനത്താവളത്തിൽ ഊഷ്മള വരവേല്പു നൽകി.

വികാരി റവ. ജോൺ വർഗീസ് കോർ എപ്പിസ്കോപ്പാ, ഫാ. പോൾ തോട്ടക്കാട്ട് (വികാരി മാർ ഗ്രീഗോറിയോസ് ചർച്ച്, മെസ്കിറ്റ്), അച്ചു ഫിലിപ്പോസ് (ഭദ്രാസന കൗൺസിൽ മെംബർ), കമാണ്ടർ വർഗീസ് ചാമത്തിൽ, ബാബു സി. മാത്യു (വൈസ് പ്രസിഡന്റ്, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ) ജോസഫ് ജോർജ് (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിൽ പളളി ഭരണസമിതിയും ഇടവകാംഗങ്ങളും ചേർന്നാണ് ബാവായെ സ്വീകരിച്ചത്.

കഴിഞ്ഞ ഒരു മാസത്തിലധികമായി അമേരിക്കയിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ച ശ്രേഷ്ഠ ബാവാ, 10 ദിവസത്തെ സന്ദർശനത്തിനാണ് ഡാളസിൽ എത്തിച്ചേർന്നത്. 24നു (ബുധൻ) വൈകുന്നേരേ ഏഴിന് കത്തീഡ്രൽ ദേവാലയത്തിൽ സന്ധ്യാ പ്രാർഥനയ്ക്കുശേഷം ബാവാ വചന പ്രഘോഷണം നടത്തും. 28നു (ഞായർ) ശ്രേഷ്ഠ ബാവായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടക്കും.

2009 ലാണ് ശ്രേഷ്ഠ ബാവാ ഇതിനു മുൻപു ഡാളസ് സന്ദർശിച്ചത്. ബാവായുടെ സന്ദർശനത്തിനാവശ്യമായ ക്രമീകരണങ്ങൾ വികാരി റവ. ജോൺ വർഗീസ് കോർ എപ്പിസ്കോപ്പായുടേയും സെക്രട്ടറി ബാബു കുര്യാക്കോസിന്റെയും നേതൃത്വത്തിലുള്ള പള്ളി ഭരണ സമിതി പൂർത്തീകരിച്ചു വരുന്നു.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ