ഒളിംപിക് മെഡൽ ജേതാക്കൾക്ക് ഷിഫ അൽജസീറ സ്വർണമെഡൽ സമ്മാനിക്കും
Monday, August 22, 2016 6:15 AM IST
മനാമ: ഒളിംപിക്സ് മെഡൽ ജേതാക്കളായ ഇന്ത്യൻ താരങ്ങളെ ഗൾഫിലെ പ്രമുഖ മെഡിക്കൽ ശൃംഖലയായ ഷിഫ അൽ ജസീറ ആദരിക്കും.

റിയോയിൽ ഇന്ത്യയുടെ യശസ് ഉയർത്തിയ ബാഡ്മിന്റൺ താരം പി.വി. സിന്ധുവിനും ഗുസ്തി താരം സാക്ഷി മാലിക്കിനും അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് സ്വർണമെഡൽ സമ്മാനിക്കുമെന്നു ചെയർമാൻ ഡോ. കെ.ടി. റബീഉള്ള അറിയിച്ചു.

ഒളിമ്പിക് വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായ സിന്ധുവിനും ഗുസ്തിയിൽ 58 കിലോ വിഭാഗത്തിൽ പോരാടി ബ്രോൺസ് കരസ്‌ഥമാക്കിയ സാക്ഷി മാലിക്കിനും 10 പവൻ വീതമുള്ള സ്വർണമെഡലുകളാണു സമ്മാനിക്കുക.

വ്യക്‌തികളുടെ സമഗ്ര വളർച്ചയ്ക്കു സ്പോർട്സും ഗെയിംസും നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നു ഡോ. റബീഉള്ള പറഞ്ഞു.

സ്വന്തം ഗ്രാമമായ മലപ്പുറം ജില്ലയിലെ കോഡൂരിൽ കായിക പ്രോൽസാഹനത്തിന് നിരവധി കാര്യങ്ങൾ ചെയ്യുന്ന ഡോ. റബീഉള്ള, ഒളിമ്പിക്സിൽ പങ്കെടുത്ത ഏക മലയാളി വനിതാ സോഫ്റ്റ്ബാൾ താരമായ കോട്ടയ്ക്കൽ സ്വദേശിനി ഐഷയുടെ സ്പോൺസറും കൂടിയാണ്. കോഡൂരിലെ ഫുട്ബോൾ ഗ്രൗണ്ട് ഡോ. റബീഉള്ളയുടെ കായിക സ്നേഹത്തിന്റെ ഉത്തമോദാഹരണമാണ്.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ