മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകൾ ചെക്പോയിന്റിൽ രജിസ്റ്റർ ചെയ്യണം
Monday, August 22, 2016 6:14 AM IST
കുവൈത്ത് : മീൻപിടുത്തത്തിനായി പോകുന്ന ബോട്ടുകൾ ഉമ്മു മറാദിം ദ്വീപിലെ ചെക്പോയിന്റിൽ രജിസ്റ്റർ ചെയ്യണമെന്നു കുവൈത്ത് കോസ്റ്റ് ഗാർഡ് മേധാവി മേജർ ജനറൽ സുഹൈർ അൽ നസ്റുള്ള അറിയിച്ചു.
ബോട്ടിൽ പോകുന്ന മുഴുവൻ തൊഴിലാളികളുടെ വിവരങ്ങളും മറ്റു വിശദാംശങ്ങളും കടലിൽ പോകുന്ന സമയത്തും വരുന്ന സമയത്തും ചെക്പോയിന്റിൽ റിപ്പോർട്ടു ചെയ്യണം. ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുന്നവർ കോസ്റ്റ് ഗാർഡ് ചെക്ക് പോയിന്റിലൂടെയല്ലാതെ പോകരുതെന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞു. ഉത്തരവു ലംഘിക്കുകയോ മറ്റു കടൽമാർഗം വഴി മത്സ്യബന്ധനത്തിനു പോകുകയോ ചെയ്യുന്നത് കുറ്റകരമാണ്. നിയമലംഘനം നടത്തുന്ന ബോട്ടുകൾ കോസ്റ്റ് ഗാർഡിന്റെ റഡാർ സംവിധാനം വഴി ട്രാക്ക് ചെയ്യാൻ സാധിക്കും.

ബോട്ടുകളുടെയും ജോലിക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് പോക്കുവരവ് രജിസ്ട്രേഷൻ നിർബന്ധമാക്കിയതെന്നും നിയമം പ്രാബല്യത്തിൽ വന്നതു മുതൽ 340 ബോട്ടുകൾ ഉമ്മു മറാദിം ചെക്പോയിന്റുവഴി കടന്നു പോയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ