സമഗ്ര ഇൻഡ്യൻ കുടിയേറ്റ നിയമം അനിവാര്യം: പി.ടി കുഞ്ഞുമുഹമ്മദ്
Sunday, August 21, 2016 3:26 AM IST
ദോഹ: കാലഹരണപ്പെട്ട ഇൻഡ്യൻ കുടിയേറ്റ നിയമം മാറ്റി പ്രവാസികൾക്ക് സുരക്ഷയും സേവനവും നല്കുന്ന ഒരു സമഗ്ര ഇൻഡ്യൻ കുടിയേറ്റ നിയമം അനിവാര്യമാണെന്ന് പി.ടി കുഞ്ഞുമുഹമ്മദ്. ഇൻഡ്യൻ പാർലമെന്റ് പുതിയ കുടിയേറ്റ നിയമം പാസാക്കണം. സംസ്കൃതി പ്രഭാഷണ പരമ്പരയുടെ ഇരുപതാം അദ്ധ്യായത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ ആനൂകല്യങ്ങൾ ലഭിക്കുന്ന രീതിയിൽ നിലവിലെ പ്രാവാസി ക്ഷേമനിധി നിയമം പൊളിച്ചെഴുതണം. മറ്റ് ക്ഷേമനിധികൾക്ക് പ്രായപരിധി ഇല്ലാത്തപ്പോൾ പ്രവാസി ക്ഷേമനിധിയിൽ ചേരുന്നതിന് പ്രായപരിധി വെച്ചിട്ടുണ്ട്. ഈ ആവശ്യങ്ങൾ പ്രവാസി സംഘടനകൾ കേരള കേന്ദ്ര സർക്കാരിന് മുന്നിൽ സമർപ്പിക്കണം. കേരള പ്രവാസി സംഘം ഇതടക്കം, പ്രവാസികളെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. പ്രവാസം ഭാരത്തിനും, വിശിഷ്യാ കേരളത്തിനും നല്കിയ സാമ്പത്തിക സാമൂഹിക ഉന്നമനം വളരെ വലുതാണ്. തങ്ങളുടെ ചിന്തകളേയും, ചരിത്രബോധത്തേയും, പ്രവർത്തനങ്ങളേയും ഏകോപിപ്പിച്ച് കൊണ്ട് സമാധാനത്തിനും, മതേതരത്വത്തിനും വേണ്ടിയുള്ള പതാകവാഹകരായി പ്രവാസികൾ മാറണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രവാസികൾ കൂടുതൽ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതുണ്ട്. പ്രവാസം കേരളത്തിലെ ദളിത് മേഖലയിൽ പകർന്ന നേട്ടങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും പി.ടി പറഞ്ഞു.

ഐസിസി അശോക ഹാളിൽ നടന്ന പ്രഭാഷണ പരമ്പരയിൽ സംസ്കൃതി പ്രസിഡന്റ് എ.കെ ജലീൽ, ജനറൽ സിക്രട്ടറി കെ കെ ശങ്കരൻ, വൈസ് പ്രസിഡന്റ് എം.ടി മുഹമ്മദാലി എന്നിവർ സംസാരിച്ചു.