സമഗ്ര ഇന്ത്യൻ കുടിയേറ്റ നിയമം അനിവാര്യം: പി.ടി. കുഞ്ഞുമുഹമ്മദ്
Saturday, August 20, 2016 8:42 AM IST
ദോഹ: കാലഹരണപ്പെട്ട ഇന്ത്യൻ കുടിയേറ്റ നിയമം മാറ്റി പ്രവാസികൾക്ക് സുരക്ഷയും സേവനവും നല്കുന്ന ഒരു സമഗ്ര ഇന്ത്യൻ കുടിയേറ്റ നിയമം അനിവാര്യമാണെന്നു പി.ടി കുഞ്ഞുമുഹമ്മദ്. സംസ്കൃതി പ്രഭാഷണ പരമ്പരയുടെ ഇരുപതാം അധ്യായത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ പാർലമെന്റ് പുതിയ കുടിയേറ്റ നിയമം പാസാക്കണം. കൂടുതൽ ആനൂകല്യങ്ങൾ ലഭിക്കുന്ന രീതിയിൽ നിലവിലെ പ്രാവാസി ക്ഷേമനിധി നിയമം പൊളിച്ചെഴുതണം. മറ്റു ക്ഷേമനിധികൾക്ക് പ്രായപരിധി ഇല്ലാത്തപ്പോൾ പ്രവാസി ക്ഷേമനിധിയിൽ ചേരുന്നതിന് പ്രായപരിധി വച്ചിട്ടുണ്ട്. ഈ ആവശ്യങ്ങൾ പ്രവാസി സംഘടനകൾ കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾക്കു മുന്നിൽ സമർപ്പിക്കണം. കേരള പ്രവാസി സംഘം ഇതടക്കം, പ്രവാസികളെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ സർക്കാരിനു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. പ്രവാസം ഭാരതത്തിനും കേരളത്തിനും നല്കിയ സാമ്പത്തിക സാമൂഹിക ഉന്നമനം വളരെ വലുതാണ്. തങ്ങളുടെ ചിന്തകളേയും ചരിത്രബോധത്തേയും പ്രവർത്തനങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് സമാധാനത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള പതാകവാഹകരായി പ്രവാസികൾ മാറണമെന്നു കെ.ടി. കുഞ്ഞുമുഹമ്മദ് ഓർമിപ്പിച്ചു.

ഐസിസി അശോക ഹാളിൽ നടന്ന പ്രഭാഷണ പരമ്പരയിൽ സംസ്കൃതി പ്രസിഡന്റ് എ.കെ ജലീൽ, ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ, വൈസ് പ്രസിഡന്റ് എം.ടി. മുഹമ്മദാലി എന്നിവർ സംസാരിച്ചു.