സ്കൂൾ അധ്യയന വർഷാരംഭം ഓഗസ്റ്റ് 22ന്, പ്രതിരോധ കുത്തിവയ്പുകൾ നിർബന്ധം
Saturday, August 20, 2016 6:57 AM IST
ഓസ്റ്റിൻ: വേനലവധിക്കുശേഷം ടെക്സസ് സംസ്‌ഥാനത്തു ഓഗസ്റ്റ് 22നു പുതിയ അധ്യയന വർഷം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്കുള്ള പ്രതിരോധ കുത്തിവയ്പുകളെക്കുറിച്ചു അതത് സ്കൂൾ ഡിസ്ട്രിക്ടുകൾ നൽകിയിട്ടുള്ള നിർദേശം കർശനമായി പാലിക്കണമെന്നു അധികൃതർ നിർദേശിച്ചു.

പല പകർച്ചവ്യാധികളും സംസ്‌ഥാനത്ത് വ്യാപകമായിരിക്കുന്നതിനാൽ ഇതിനെ പ്രതിരോധിക്കുവാൻ വാക്സിനേഷൻ ആവശ്യമാണ്. വ്യത്യസ്ത പ്രായത്തിലും ഗ്രേഡിലും പഠനം തുടരുന്നവർ സ്വീകരിക്കേണ്ട വിവിധ കുത്തിവയ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ സ്കൂൾ വെബ്സൈറ്റുകളിൽ ലഭ്യാണ്.

ഓഗസ്റ്റ് പതിനെട്ടോടുകൂടി പുതിയ വിദ്യാർഥികളുടെ രജിസ്ട്രേഷൻ പൂർത്തിയായിരുന്നു. പുതിയ അധ്യയവർഷം ആരംഭിക്കുമ്പോൾ വിദ്യാർഥികൾക്കൊപ്പം വരുന്ന മാതാപിതാക്കൾ പ്രൂഫ് ഓഫ് റസിഡൻസി (ഗ്യാസ്, വാട്ടർ, വൈദ്യുതി ബില്ലുകൾ) മാതാപിതാക്കളുടെ തിരിച്ചറിയൽ കാർഡ്, വിദ്യാർഥികളുടെ ജനന സർട്ടിഫിക്കറ്റ് സോഷ്യൽ സെക്യൂരിറ്റി കാർഡ്, പ്രതിരോധ കുത്തിവയ്പുകളുടെ റിക്കാർഡുകൾ, അവസാനം ലഭിച്ച റിപ്പോർട്ട് കാർഡ്, ട്രാൻസ്ക്രിപ്റ്റ് (വിദ്യാർഥിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ) എന്നിവ കൈവശം കരുതേണ്ടതാണ്.

വിവരങ്ങൾക്ക്: 972 925 5437, 972 925 4953.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ