പ്രവാസി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പ്രത്യേക പദ്ധതികൾ വേണം: പാറയ്ക്കൽ അബ്ദുള്ള
Thursday, August 18, 2016 8:00 AM IST
ദുബായ്: രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായിവർത്തിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങൾക്കു സമ്പൂർണ പരിഹാരം കാണുന്നതിന് പ്രത്യേക പദ്ധതികൾക്ക് രൂപം നൽകാൻ കേന്ദ്ര സംസ്‌ഥാന സർക്കാറുകൾ തയാറാകണമെന്നു പാറക്കൽ അബ്ദുള്ള എംഎൽഎ. ദുബായ് കെഎംസിസി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ വിവിധ പ്രവാസി വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വികസനവും സമാധാനാന്തരീക്ഷവും പ്രവാസികളുടെ വിയർപ്പിന്റെ ഫലമായി നിലനിൽക്കുന്നതാണെന്ന യാഥാർഥ്യം പലരും തിരിച്ചറിയാതെ പോവുകയാണ്. നാട്ടിൽ സാധാരണക്കാരന് തൊഴിൽ സാധ്യതയുണ്ടാക്കുന്നതിൽ വലിയ പങ്ക് ഗൾഫ് പ്രവാസികൾ വഹിക്കുന്നുണ്ട്.

നിർമാണമേഖലയിൽ ഉൾപ്പെടെ ഇതു ദൃശ്യമാണ്. പ്രത്യക്ഷമായും പരോക്ഷമായും ഇതുപോലെയുള്ള സ്വാധീനം നാടിന്റെ വളർച്ചയിൽ ഉണ്ട്. നാട്ടിൽ സാധാരണക്കാരന് തൊഴിൽ സാധ്യതകൾ കുറഞ്ഞുവന്നാൽ കവർച്ചയും അക്രമവും ഉൾപ്പെടെ സ്വൈരജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ സൃഷ്‌ട്ടിക്കപ്പെടും. അതുകൊണ്ടുതന്നെ പ്രവാസികൾ നാടിന്റെ നട്ടെല്ലാണ് എന്ന കാര്യത്തിൽ സംശയമില്ലെന്നു പാറക്കൽ പറഞ്ഞു.

ദശാബ്ദങ്ങളായി ഉയർന്നു കേൾക്കുന്ന യാത്രാ പ്രശ്നം, നിതാഖാത്ത് പോലെ ഗൾഫ് നാടുകളിൽ ഉണ്ടാവുന്ന നിയമങ്ങൾ വഴി ജോലി നഷ്‌ട്ടപെട്ട് കൂട്ടത്തോടെ നാട്ടിലേക്ക് തിരിക്കുന്നവരുടെ പുനരധിവാസം പ്രവാസിപെൻഷൻ എല്ലാവർക്കും ലഭ്യമാക്കുന്നതിന് നടപടി എടുക്കുന്നതിന് എംബസിയിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തുക. തിരിച്ചെത്തുന്ന പ്രവാസിക്ക് ചെറുകിട സംരംഭങ്ങൾക്ക് പലിശരഹിത വായ്പ ലഭ്യമാക്കുക, നോർക്കയുടെ പ്രവർത്തനങ്ങൾ കാലാനുസൃതമായ മാറ്റങ്ങൾവരുത്തി പ്രവാസികൾക്ക് പ്രയോജനപ്രദമായ രീതിയിലാക്കുക, യുഡിഎഫ് നടപ്പിലാക്കിയ പ്രവാസി കമ്മീഷന്റെ പ്രവർത്തനം എത്രയും പെട്ടെന്ന് ആരംഭിക്കുക, തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനി കളുടെമേൽ കർശനമായ നിയന്ത്രണമുണ്ടാക്കുക, എംബസിയുടെ വെൽഫെയർ ഫണ്ട് അർഹതപ്പെട്ട പ്രവാസികൾക്ക് ലഭ്യമാക്കാനുള്ള ആവശ്യമായ നിയമമാറ്റങ്ങൾ വരുത്തുക തുടങ്ങിയുള്ള പ്രശ്നങ്ങൾ കേന്ദ്ര സംസ്‌ഥാന സർക്കാറുകൾക്ക് മുമ്പാകെ കൊണ്ടുവരാൻ പരിശ്രമിക്കുമെന്നും പാറക്കൽ അബ്ദുള്ള പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ദുബായ് കെഎംസിസി ജനറൽ സെക്രട്ടറി ഇബ്രാഹിംമുറിച്ചാണ്ടി, ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ തിരൂർ, ട്രഷറർ എ.സി. ഇസ്മായിൽ, ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, ആവയിൽ ഉമ്മർ ഹാജി, എം.എ.മുഹമ്മദ് കുഞ്ഞി, അഡ്വ. സാജിദ് അബൂബക്കർ, ഇസ്മായിൽ ഏറാമല, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ആർ.അബ്ദുൽ ഷുക്കൂർ എന്നിവർ സംബന്ധിച്ചു.

<ആ>റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ