ഡാളസിലെ സ്വാതന്ത്ര്യദിനാഘോഷം അവിസ്മരണീയമായി
Thursday, August 18, 2016 7:02 AM IST
ഇർവിംഗ്(ഡാളസ്): മഹാത്മാഗാന്ധി മെമ്മോറിയൽ ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി മെമ്മോറിയൽ പാർക്കിൽ ഓഗസ്റ്റ് 15നു ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ഇത്രയധികം ആളുകൾ പങ്കെടുത്ത സ്വാതന്ത്ര്യ ദിനാഘോഷം ഡാളസിന്റെ ചരിത്രത്തിൽ ആദ്യമാണെന്നു സംഘാടകർ അവകാശപ്പെട്ടു.

എംജിഎംഎൻടി സെക്രട്ടറി ശബ്നം മോഡ്ഗിൽ മഹാത്മാഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ചതോടെ ചടങ്ങുകൾക്കു തുടക്കമായി. ചെയർമാൻ ഡോ. പ്രസാദ് തോട്ടകൂറ ദേശീയ പതാക ഉയർത്തി.

സ്വാതന്ത്ര്യവും ജനാധിപത്യവും കാത്തു സൂക്ഷിക്കുന്ന അമേരിക്കയിൽ ജീവിക്കുവാൻ അവസരം ലഭിച്ചതിൽ നാം ഭാഗ്യവാന്മാരാണ്. അഹിംസാ മാർഗത്തിലൂടെ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കിയ രാഷ്ര്‌ടപിതാവ് മഹാത്മജിയുടെ സ്മരണ വരുംതലമുറകളിലേക്ക് പകർന്നു നൽകുവാനുളള ഉത്തരവാദിത്തം നാം ഓരോരുത്തരും ഏറ്റെടുക്കണമെന്നു ഡോ. തോട്ടക്കൂറ ഓർമപ്പെടുത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ജീവൻ ബലികഴിച്ച സ്വാതന്ത്ര്യ സമരസേനാനികൾക്കും നേതൃത്വം നൽകിയ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ലാല ലജപത് റോയ്, ചന്ദ്രശേഖർ ആസാദ്, ഭഗത് സിംഗ്, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ എന്നിവർക്കും പ്രസാദ് തോട്ടക്കൂറ അഭിവാദ്യം അർപ്പിച്ചു.

മാതൃരാജ്യമായ ഭാരതത്തിൽ ഇന്നും നിലനിൽക്കുന്ന അഴിമതി, ഭീകരത, തൊട്ടുകൂടായ്മ, സ്ത്രീകളോടുളള അവഗണന എന്നിവയ്ക്കെതിരെ പ്രവാസികളായ നാം ശബ്ദമുയർത്തണമെന്നും ചെയർമാൻ അഭ്യർഥിച്ചു.

സ്വാതന്ത്ര്യ സമരത്തിൽ ജീവൻ അർപ്പിച്ചവർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് എല്ലാവരും ഒരു നിമിഷം മൗനപ്രാർഥന നടത്തി. തുടർന്നു മഹാത്മജിയുടെ ഇഷ്‌ട പ്രാർഥനയായ ‘രഘുപതി രാഘവ രാജാറാം’ എന്ന പ്രാർഥനക്ക് തയ്ബ് കുണ്ടൻവാല നേതൃത്വം നൽകി. ജാക്ക് ഗോദ്വനി, സാൽമൻ ഫർഷോറി, സെക്രട്ടറി റാവു കൽവാല, ജോൺ ഹാമണ്ട് തുടങ്ങിയവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ<യൃ><യൃ><ശാഴ െൃര=/ിൃശ/2016മൗഴൗെേ18റമഹമൈ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>