നൂറു മീറ്റർ ഹഡിൽസിൽ യുഎസ് വനിതാ ടീമിനു ചരിത്ര വിജയം
Thursday, August 18, 2016 6:57 AM IST
റിയൊ: റിയൊ ഒളിമ്പിക്സിൽ യുഎസ് വനിതാ ടീമംഗങ്ങൾ നൂറു മീറ്റർ ഹഡിൽസിൽ ചരിത്ര വിജയം കൈവരിച്ചു. അമേരിക്കയുടെ ഡ്രീം ടീം അംഗങ്ങളായി അറിയപ്പെടുന്ന ബ്രിയാൻ റോളിൻസ്, നിയാ അലി, ക്രിസ്റ്റി കാസിലിൻ എന്നിവർ അമേരിക്കയ്ക്ക് ചരിത്ര മുഹൂർത്തം സമ്മാനിച്ചാണ് ബുധനാഴ്ച നൂറു മീറ്റർ ഹർഡിൽസിൽ ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കിയത്.

ബ്രിയാനാ റോളിൻസ് 12.48 സെക്കന്റുകൊണ്ടാണ് നൂറു മീറ്റർ ഓടിയെത്തിയത്. ഓഗസ്റ്റ് 17നു 25 വയസ് പൂർത്തിയാക്കുന്ന റോളിൻസിന്റെ ആദ്യ സ്വർണ മെഡലാണിത്. നിയാ അലി (27) 12.59 സെക്കന്റും ക്രിസ്റ്റി (29) 12.61 സെക്കന്റും എടുത്താണ് ഓട്ടം പൂർത്തിയാക്കിയത്.

ഇതോടെ 93 മെഡലുകൾ കരസ്‌ഥമാക്കി അമേരിക്ക ഒന്നാം സ്‌ഥാനത്തെത്തിയപ്പോൾ ചൈന 54 ഉം ബ്രിട്ടൻ 50 മെഡലുകൾ നേടി രണ്ടും മൂന്നും സ്‌ഥാനത്തിന് അർഹരായി.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ