നിയമനിർമാണ പ്രക്രിയകൾക്കു ജനകീയ അടിത്തറ നഷ്‌ടപ്പെടുന്നത് ജനാധിപത്യത്തിന്റെ ദുരന്തം: പി. ശ്രീരാമകൃഷ്ണൻ
Wednesday, August 17, 2016 8:05 AM IST
അബുദാബി: ഭരണഘടന ഉറപ്പുതരുന്ന സംരക്ഷണവും നീതിയും പാർശ്വവത്കരിക്കപ്പെട്ട ജനതക്കും ലഭ്യമാകുന്ന തരത്തിൽ ജനകീയ അടിത്തറയിൽ വേണം നിയമനിർമാണ പ്രക്രിയകൾ നടക്കേണ്ടതെന്നു കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഇന്ത്യൻ മീഡിയ അബുദാബി സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാഭിമുഖ്യമുള്ള നിയമനിർമാണങ്ങൾക്കു സാധ്യത ഒരുക്കാൻ നിയമസഭാ സെക്രട്ടറിയേറ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭരണഘടനയിലെ ഉറപ്പുകൾ വെറും വാക്കുകൾ മാത്രമല്ല ഒരു മൂല്യവ്യവസ്‌ഥിതിയാണ്. ആ സംരക്ഷണം ഓരോ നിയമ നിർമാണങ്ങളിലൂടെയും പൗരന്മാർക്കു ഉറപ്പു വരുത്തണം. ജനാധിപത്യ വ്യവസ്‌ഥിതികൾ എന്നും പരിഷ്കാരങ്ങൾക്കു വിധേയമായാൽ മാത്രമേ അതിന്റെ ഗുണപരത ജനങ്ങൾക്ക് ആസ്വദിക്കാൻ സാധ്യമാകൂ. അതിനു സാമൂഹ്യസമ്മർദ്ദം ഉയരണം. സഭകളിലെ ചർച്ചകളിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ജനങ്ങളെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ട്. നിർഭാഗ്യവശാൽ എല്ലാത്തിനെയും ആക്ഷേപഹാസ്യമാക്കാനാണ് പലരുടേയും ശ്രമം.

ഒരു പ്രകൃതി വിഭവം പോലും ഉപയോഗിക്കാൻ പാടില്ല എന്ന പരിസ്‌ഥിതി മൗലികവാദത്തെ അനുകൂലിക്കാനാവില്ല. കേരളത്തിന്റെ സമ്പദ് വ്യവസ്‌ഥയെ ഖത്തറിനു തുല്യമായി ഉയർത്താൻ സഹായിക്കുന്ന കോടികളുടെ കരിമണൽ ഖനനം പൊതുമേഖലയിൽ ആരംഭിക്കാൻ അടിയന്തര നടപടികൾക്കു സർക്കാർ തയാറാകണം. നമ്മുടെ കൈയിലുള്ള സ്രോതസുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി പുതുതലമുറക്ക് പുത്തൻ പ്രതീക്ഷകൾ നൽകേണ്ടിയിരിക്കുന്നു.

കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന സേവനാവകാശ നിയമം പരിമിതമാണ്. ഒരു പൗരന് ലഭിക്കേണ്ട സേവനം എത്ര ദിവസത്തിനുള്ളിൽ ലഭ്യമാകുമെന്നു അറിയാനുള്ള അവകാശം നിയമമാകണം.

രാഷ്ര്‌ടീയ യുവജന പ്രസ്‌ഥാനങ്ങൾക്കപ്പുറത്തു നവമാധ്യമങ്ങളിലൂടെ ഉയർന്നു വരുന്ന യുവശക്‌തിയെ പ്രതീക്ഷയോടെയാണ് കാണുന്നത്. അവരുടെ സൗന്ദര്യ ശാസ്ത്രവും ആദർശവും കൗതുകകരവും ശ്രദ്ധിക്കപ്പെടേണ്ടതുമാണ്.

കേരളത്തിലെ കാർഷികരംഗത്തെ തകർച്ചയെ ശാസ്ത്രീയമായ വഴികളിലൂടെയും കൂട്ടുകൃഷി സമ്പ്രദായത്തിലൂടെയും നേരിടണം. കൃഷി മാത്രമായി നടത്തി ജീവിക്കാനാകുന്ന സാഹചര്യം ഇന്ന് നിലവിൽ ഇല്ലാത്തതിനാലാണ് യുവജനങ്ങൾ മറ്റു മേഖലകൾ തേടുന്നത്. മൂല്യവർദ്ധിത വ്യവസായങ്ങൾക്ക് കേരളം തുടക്കം കുറിക്കണം. രാജ്യത്തെ 91 ശതമാനം റബർ കേരളത്തിലാണ്.പക്ഷെ റബർ അധിഷ്ഠിത വ്യവസായങ്ങൾ കേരളത്തിന് പുറത്താണ്. നാണ്യ വിളകൾ, മൽസ്യം തുടങ്ങിയ മേഖലകളിലും മൂല്യവർധിത വ്യവസായങ്ങൾ ആരംഭിക്കണം.

സംസ്‌ഥാന നിയമസഭകളിൽ നടക്കുന്ന ദേശീയ പ്രാധാന്യമുള്ള ചർച്ചകളുടെ വീഡിയോ ഇംഗ്ലീഷ്, ഹിന്ദി സബ് ടൈറ്റിലുകളോടെ ലോകസഭാ ടിവി യിൽ കാണിക്കണമെന്നു ലോക്സഭാ സ്പീക്കറോട് അഭ്യർഥിച്ചിരുന്നു. എസ്ബിഐ ലയനം, മുല്ലപ്പെരിയാർ വിഷയം തുടങ്ങിയ ദേശീയ ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങൾ ലോക്സഭാ, രാജ്യസഭാ സാമാജികരും അറിഞ്ഞിരിക്കേണ്ട വിഷയങ്ങൾ മുൻനിർത്തി നടത്തിയ ആവശ്യം ലോക്സഭാ സ്പീക്കർ അംഗീകരിച്ചതായി ശ്രീരാമകൃഷ്ണൻ അറിയിച്ചു.

കഴിഞ്ഞ നിയമസഭയിൽ നടന്ന സമരങ്ങളിലെ എന്റെ പങ്കാളിത്തം അല്ല വിഷയം. അത്തരം സമരങ്ങൾക്ക് സാധ്യത ഉണ്ടാക്കുന്ന സാഹചര്യങ്ങൾ സർക്കാരുകൾ ഒഴിവാക്കണം. ഇരുപക്ഷത്തിനും തുല്യ അവസരങ്ങൾ നൽകുന്നതിനും പക്ഷം ചേരാതെ നടപടികൾ മുൻപോട്ടുകൊണ്ടുപോകാനുമാണ് എന്റെ ശ്രമം.1930 ൽ വെല്ലിങ്ടണിനു ശേഷം നിയസഭയിൽ സമയം നിയന്ത്രിക്കാൻ ബെൽ തിരിച്ചു കൊണ്ടുവന്നു. എല്ലാവരും അതിനോട് യോജിച്ചു. സമയനിഷ്ഠയിലൂടെയുടെയും കൃത്യമായ വ്യവസ്‌ഥകളിലൂടെയും സഭാനടപടികളെ കൂടുതൽ ഗൗരവതരമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

പ്രവാസികളുടെ പ്രശ്നങ്ങളിൽ നിയമസഭയിൽ ഇരുപക്ഷവും ഗൗരവമാർന്ന ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. നിരവധി വർഷത്തെ യാതനാപൂർണമായ ജീവിതത്തിനു ശേഷം തിരിച്ചുപോകുന്ന പ്രവാസികൾ അനാഥരാകരുത് . അതിനു രാഷ്ര്‌ടീയം മറന്നു പ്രവാസി സംഘടനകൾ ഒന്നിച്ചു ചേർന്ന് ഒരു മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാരിന് സമർപ്പിക്കാനും അതു നടപ്പിൽ വരുത്താനുള്ള സമ്മർദ്ദം ചെലുത്താനും മുൻപോട്ടുവരണം.

കേരള സോഷ്യൽ സെന്ററിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് അനിൽ സി. ഇടിക്കുള ,ജോയിന്റ് സെക്രട്ടറി ഹഫ്സൽ അഹ്മദ്, കെഎസ്സി പ്രസിഡന്റ് പി. പദ്മനാഭൻ, ജോയിന്റ് സെക്രട്ടറി ബിജിത്കുമാർ എന്നിവർ പങ്കെടുത്തു.