ലോക ചരിത്ര ഗതിയെ തന്നെ സ്വാധീനിച്ച പോരാട്ടമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരം: എം.എ. യൂസഫലി
Wednesday, August 17, 2016 8:04 AM IST
അബുദാബി: ലോക ചരിത്ര ഗതിയെ തന്നെ സ്വാധീനിച്ച പോരാട്ടമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരമെന്നു പ്രമുഖ വ്യവസായി എം.എ. യൂസഫലി. അബുദാബി കെഎംസിസി സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശിപായി ലഹളയിൽ ഉദിച്ചു, ജാലിയൻ വാല ബാഗിന്റെ ഉജ്‌ജ്വല സ്മരണയിലൂടെ കടന്നു പോയ ഇന്ത്യൻ സ്വാതന്ത്ര്യ സമരം ചരിത്രത്തിൽ തുല്യതയില്ലാത്ത കോളനി വാഴ്ചക്കെതിരെയുള്ള സമരമായിരുന്നു. ഓരോ പൗരനേയും രാജ്യത്തോടുള്ള കടപ്പാടിനെ കുറിച്ച് ബോധവാനാക്കുകയും ഉണർത്തുകയുമാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

40 വർഷം പൂർത്തിയാക്കിയ 70 ഇന്ത്യക്കാരെ ആദരിക്കാൻ കാട്ടിയ സന്മനസ് അഭിനന്ദനാർഹമാണ്. കഷ്‌ടപ്പാടിന്റെ ഇന്നലകളെ ക്ഷമയോടെ നേരിട്ടവരാണിവർ. ഇത്രമാത്രം സൗകര്യങ്ങൾ ഇല്ലാത്ത കാലത്തും അന്നം തേടി എത്തിയവരെ ഇരു കൈയും നീട്ടി സ്വീകരിച്ച മനുഷ്യ സ്നേഹത്തിന്റെ ചരിത്രമാണ് യുഎഇ നമ്മെ ബോധ്യപ്പെടുത്തുന്നതെന്നും യൂസഫലി പറഞ്ഞു. 43 വർഷങ്ങൾക്കു മുമ്പ് വന്നിറങ്ങുമ്പോൾ കണ്ട യുഎഇ കുറിച്ചുള്ള ഓർമകളും എം.എ. യൂസഫലി സദസുമായി പങ്കുവച്ചു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അബുദാബി കെഎംസിസി പ്രസിഡന്റ് നസീർ ബി. മാട്ടൂൽ അധ്യക്ഷത വഹിച്ചു. ഡൽഹിയിലെ ചെങ്കോട്ടയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ വേദിയിൽ അബുദാബിയിൽ 40 വർഷം പൂർത്തിയാക്കിയ 70 ഇന്ത്യക്കാരെ മുസ്ലിം ലീഗ് ദേശീയ ട്രഷററും കേരള പ്രതിപക്ഷ ഉപ നേതാവുമായ പി.കെ. കുഞ്ഞാലികുട്ടി ഉപഹാരം നൽകി ആദരിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സർട്ടിഫിക്കറ്റു സമ്മാനിച്ചു. നയതന്ത്ര വിദഗ്ധനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാനുമായ ടി.പി ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നടത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ മത കാര്യ ഉപദേഷ്‌ട്ടാവ് ഷെയ്ഖ് അലി അൽ ഹാഷിമി, യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി.ബാവ ഹാജി അബുദാബി കെഎംസിസി ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്റഫ് പൊന്നാനി, ട്രഷറർ സി.സമീർ എന്നിവർ പ്രസംഗിച്ചു. എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര്യ ദിന സുവനീർ ‘ബഹു വചനം’ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിലിനു നൽകി പ്രകാശനം ചെയ്തു. നിയമസാഭംഗമായി തെരഞ്ഞെടുക്കപ്പെട്ട കെഎംസിസി നേതാവ് പാറക്കൽ അബ്ദുള്ളക്കുള്ള അബുദാബി കെഎംസിസിയുടെ ഉപഹാരം കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രഷറർ അബ്ദുള്ള ഫാറൂഖി സമർപ്പിച്ചു. ലുലു ഇന്റർ നാഷണൽ എക്സ്ചേഞ്ച് സിഇഒ അദീബ് അഹമ്മദ്, കെഎംസിസി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് പള്ളിക്കണ്ടം, മൊയ്തു എടയൂർ, സുന്നി സെന്റർ നേതാക്കളായ മമ്മി കുട്ടി മുസ്ലിയാർ, കെ.വി. ഹംസ മുസ്ലിയാർ എന്നിവർ സംബന്ധിച്ചു.

അബുദാബി കെഎംസിസി ഭാരവാഹികളായ ആലിക്കോയ കാപ്പാട്, വി.കെ. ഷാഫി, ഹമീദ് കടപ്പുറം, നാസർ പറമ്പിൽ, ബീരാൻ പുതിയങ്ങാടി, റശീദ് പട്ടാമ്പി പരിപാടികൾക്ക് നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള