ജോസഫ് ചാക്കോയെ ഹൂസ്റ്റണിൽ ആദരിച്ചു
Wednesday, August 17, 2016 6:14 AM IST
ഹൂസ്റ്റൺ: അമേരിക്കയിൽ മലയാളിസാന്നിധ്യം വിരളമായിരുന്ന 1970 ൽ കൽക്കട്ട എയർഫ്രാൻസ് എയർ ലൈനിൽ ചേർന്നകാലം മുതൽ 46 വർഷങ്ങളായി അമേരിക്കൻ മലയാളിയുടെ സുഹൃത്തും വഴികാട്ടിയുമായിരിക്കുന്ന (ട്രാവിസ ടൂർസ് ആൻഡ് ട്രാവൽസ് സിഇഒ ജോസഫ് ചാക്കോയെ ഓവർസീസ് ചേംബർ ഓഫ് കൊമേഴ്സ് ഹൂസ്റ്റൺ (ഒകെസിസി) ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.

ഓഗസ്റ്റ് 12നു സ്റ്റാഫോഡിലുള്ള ഗസൽ ഇന്ത്യാ റസ്റ്ററന്റിൽ ഒകെസിസിയും ജോസഫ് ചാക്കോയുടെ സുഹൃത്തുക്കളും ചേർന്ന് ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ ഒകെസിസി പ്രസിഡന്റ് ലിസ തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന സ്റ്റാഫോഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു രജതജൂബിലി ആഘോഷിക്കുന്ന ട്രാവിസാ ഗ്രൂപ്പിനും ജോസഫ് ചാക്കോയ്ക്കും ആശംസകൾ നേർന്നു. തുടർന്നു കെൻ മാത്യുവിൽ നിന്ന് ജോസഫ് ചാക്കോ പുരസ്കാരം ഏറ്റു വാങ്ങി. ജോസഫ് ചാക്കോയെ ഡോ. ഗോൾഡി ജോർജ് സദസിനു പരിചയപ്പെടുത്തി.

തുടർന്നു ഏലി ശാമുവൽ (പ്രസിഡന്റ്, ഇന്തോ–അമേരിക്കൻ നഴ്സസ് അസോസിയേഷൻ, ഹൂസ്റ്റൺ), ജോർജ് മണ്ണിക്കരോട്ട് (പ്രസിഡന്റ് അമേരിക്കൻ മലയാളം സൊസൈറ്റി അറ്റോർണി ഡോ. മാത്യു വൈരമൺ (കേരള റൈറ്റേഴ്സ് ഫോറം) ജീമോൻ റാന്നി (ട്രിനിറ്റി മാർത്തോമ ഇടവക സെക്രട്ടറി), എസ്.കെ.ചെറിയാൻ (മുൻ ട്രഷറർ, ഒകെസിസി), ജോർജ് ഏബ്രഹാം (റിയൽട്ടർ), ജോർജ് തെക്കേമല(ഡയറക്ടർ, ഏഷ്യാനെറ്റ്), ഈശോ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. ജോസഫ് ചാക്കോ സ്വീകരണത്തിനു നന്ദി പറഞ്ഞു. ജിൻസി ഫിലിപ്പ്, സജി പുല്ലാട് എന്നിവർ ശ്രുതിമധുരമായ ഗാനങ്ങൾ സമ്മേളനത്തിനു മികവേകി.

ചെന്നൈ കേന്ദ്രമായി പത്തനംതിട്ട, തിരുവല്ല, കൊച്ചി, തിരുവനന്തപുരം, കോട്ടയം, അഞ്ചേരി എന്നിവിടങ്ങളിൽ ശാഖകളുമായി ട്രാവിസ വളർന്നു കഴിഞ്ഞു. ഒന്നര ലക്ഷം അമേരിക്കൻ വീസകൾ ക്രമീകരിച്ചപ്പോൾ 2014 ൽ ട്രാവൽ വീസ രംഗത്തെ മികവിനു നെഹ്റു അവാർഡ് ജോസഫ് ചാക്കോയെ തേടിയെത്തിയിട്ടുണ്ട്.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി