‘ജാതിരാഷ്ടീയം കേരളത്തെ പിന്നോട്ടടിക്കുന്നു’
Wednesday, August 17, 2016 6:08 AM IST
അബുദാബി: ജാതിയുടെയും മതത്തിന്റേയും പേരിൽ രൂപപ്പെടുന്ന രാഷ്ട്രീയ പ്രസ്‌ഥാനങ്ങൾ എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നാം ആർജിച്ചെടുത്ത നവോഥാന മൂല്യങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് കേരളത്തെ പിന്നോട്ടടിക്കുകയാണെന്നു പ്രമുഖ വാഗ്മിയും കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ ഡോ. വി.പി.പി. മുസ്തഫ. അബുദാബി കേരള സോഷ്യൽ സെന്ററിൽ ‘കേരള നവോഥാനം പുത്തൻ വെല്ലുവിളികൾ’ എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിടക്കാനുള്ള കിടപ്പാടവും നടക്കാനുള്ള ഇടവഴിയും ഉടുക്കാനുള്ള വസ്ത്രവും കഴിക്കാനുള്ള ഭക്ഷണവും നാം നേടിയെടുത്തത് ഏതെങ്കിലും ജാതിയുടേയോ മതത്തിന്റേയോ പേരിൽ സംഘടിച്ചിട്ടല്ല, ചട്ടമ്പി സ്വാമികളും ശ്രീനാരായണഗുരുവും അയ്യങ്കാളിയും വക്കം അബ്ദുൽ ഖാദർ മൗലവിയും വി.ടി. ഭട്ടതിരിപ്പാടും ഇഎംഎസും വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസച്ചനും പോലുള്ള എണ്ണമറ്റ നവോഥാന നായകർ നടത്തിയ പോരാട്ടങ്ങളുടെ ഫലമായാണ് ഇതു സാധ്യമായത്.

മനുഷ്യമോചനത്തിനും ജീവിക്കുവാനുള്ള അവകാശങ്ങൾക്കുവേണ്ടിയുള്ള സമരത്തിനു ഒരൊറ്റ നിറമേയുള്ളൂ. അതിൽ ജാതിയുടേയും മതത്തിന്റേയോ നിറമില്ല. തൊട്ടുകൂടായ്മയുടേയും തീണ്ടിക്കൂടായ്മയുടേയും അതിർവരമ്പുകൾ തകർത്തെറിഞ്ഞുകൊണ്ട് നാം നേടിയെടുത്ത സുഖം അനുഭവിച്ചുകൊണ്ടാണ് ഇന്നു ജാതീയ പാർട്ടികൾ രൂപം കൊള്ളുന്നതെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.

സ്വത്വ രാഷ്ട്രീയത്തിൽനിന്നും വർഗ ബോധത്തിലേക്കുള്ള വളർച്ചയാണ് ഭ്രാന്താലത്തിൽനിന്നും ലോകത്തിനു മാതൃകയായി കേരളത്തെ വികസിപ്പിച്ചത്. എന്നാൽ വർഗ രാഷ്ട്രീയത്തിൽനിന്നും സ്വത്വ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുപോകുന്നതിന്റെ ഫലമാണ് കാസർഗോട്ടുനിന്നു നമ്മെ ഞെട്ടിപ്പിച്ച 21 ചെറുപ്പക്കാരുടെ തിരോധാനം.

സെന്റർ പ്രസിഡന്റ് പി. പത്മനാഭന്റെ അധ്യക്ഷത വഹിച്ചു. സെമിനാറിൽ കൈരളി ടി.വി. കോഓർഡിനേറ്റർ കെ.ബി. മുരളി, ജനറൽ സെക്രട്ടറി ടി.കെ. മനോജ്, സാഹിത്യവിഭാഗം സെക്രട്ടറി ബാബുരാജ് പിലിക്കോട് എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള