സ്വകാര്യമേഖലയിൽ തദ്ദേശീയരെ പ്രോത്സാഹിപ്പിക്കുവാൻ കുവൈത്ത് സർക്കാർ
Wednesday, August 17, 2016 6:06 AM IST
കുവൈത്ത്: സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുവാൻ സർക്കാർ ശക്‌തമായ നടപടികൾ സ്വീകരിക്കുമെന്നു യാഖൂബ് അൽ സനാഇ അറിയിച്ചു.

സർക്കാർ മേഖലയിൽ ഉൾക്കൊള്ളുവാൻ സാധിക്കാത്ത രീതിയിൽ രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന ചെറുപ്പക്കാരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. അടുത്ത പത്തു വർഷത്തിനുള്ളിൽ 0.3 മില്യൺ തൊഴിൽ അന്വേഷകർ കുവൈത്തിലുണ്ടാകുമെന്നാണ് പുതിയ പഠനങ്ങൾ വെളിവാക്കുന്നത്.

രാജ്യത്തെ തദ്ദേശീയരിൽ ഭൂരിപക്ഷവും പൊതുമേഖലയിലാണ് ജോലി ചെയ്യുന്നത്. തൊഴിൽ ആധിക്യം പരിഗണിച്ച് രാജ്യത്തെ സ്വകാര്യ മേഖല കൂടുതൽ സ്വദേശികളായ തൊഴിലാളികളെ തങ്ങളുടെ കമ്പനിയിൽ ഉൾപ്പെടുത്തണമെന്നു മന്തി ആവശ്യപ്പെട്ടു. രാജ്യത്തെ വികസനത്തിനു ഉതകുന്ന വലിയ പദ്ധതികളിൽ സ്വകാര്യ മേഖലയെ കൂടി ഉൾപ്പെടുത്തുകയും അതിലൂടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുവാനുള്ള ഗൗരവതരമായ ആലോചനകളും സർക്കാർ നടത്തുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ