മീൻ മാർക്കറ്റ് ബഹിഷ്കരണം ഫലവത്തായില്ല; വില കുതിക്കുന്നു
Saturday, August 13, 2016 8:45 AM IST
കുവൈത്ത്: മത്സ്യത്തിന്റെ അനിയന്ത്രിതമായ വില വർധനയിൽ പ്രതിഷേധിച്ച് നടക്കുന്ന മീൻ മാർക്കറ്റ് ബഹിഷ്കരണം ഫലവത്തായില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ഒരു കൊട്ട ചെമ്മീന് 95 ദിനാർ ഉണ്ടായിരുന്ന വില ഇന്നു 100–110 ദിനാറായി ഉയർന്നിരിക്കുകയാണ്. തദ്ദേശീയർ കൂടുതലായി വാങ്ങുന്ന സുബൈദിക്കും വിലയിൽ കാര്യമായ കുറവു വന്നിട്ടില്ല.

ഏഴുമാസത്തെ ഇടവേളക്കുശേഷം കഴിഞ്ഞ ദിവസമാണ് ചെമ്മീൻ മത്സ്യ മാർക്കറ്റിൽ എത്തിത്തുടങ്ങിയത്. കുവൈത്തിന്റെ തീരങ്ങളിൽ വിലക്ക് ഒരുമാസം കൂടി നീട്ടിയിട്ടുണ്ടെങ്കിലും അന്താരാഷ്ര്‌ട സമുദ്രപരിധിയിൽനിന്നുള്ള ചെമ്മീൻ പിടിക്കുവാൻ പരിപൂർണ അനുമതി നൽകിയിരുന്നു. പ്രജനനം കണക്കിലെടുത്ത് ജനുവരി മുതൽ ഓഗസ്റ്റ് വരെ എല്ലാവർഷവും രാജ്യത്ത് ചെമ്മീൻവേട്ടയ്ക്ക് വിലക്ക് ഏർപ്പെടുത്താറുണ്ട്. അതിനിടെ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശ പ്രകാരം മീൻ പിടുത്തക്കാർ എളുപ്പവഴിയായ ദോഹ കടൽമാർഗം ഉപയോഗിക്കാതെ ദൂരം കൂടുതലുള്ള ദക്ഷിണ സമുദ്രമാർഗം ഉപയോഗിക്കണമെന്ന നിബന്ധനയാണ് മീൻ വിലയിൽ വർധനവുണ്ടാകാൻ ഇടയായതെന്നു ആരോപിച്ചു. മത്സ്യബന്ധനത്തിനു പോകുന്നവർക്ക് ബുദ്ധിമുട്ടായ പുതിയ നിർദ്ദേശം ഉടൻ പിൻവലിക്കണമെന്ന് കുവൈത്ത് ഫയർഫൈറ്റേഴ്സ് യൂണിയൻ ചെയർമാൻ താഹർ അൽ സുവിയാൻ ആഭ്യന്തര മന്ത്രാലയത്തോട് അഭ്യർഥിച്ചു.

കച്ചവടക്കാർ അന്യായമായി മത്സ്യ വില വർധിപ്പിക്കുന്നു എന്നാരോപിച്ച് ഒരു സംഘം സ്വദേശി ഉപഭോക്‌താക്കൾ തുടക്കമിട്ട ബഹിഷ്കരണ കാമ്പയിനു കഴിഞ്ഞ വർഷം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. തദ്ദേശീയരും വിദേശികളും കാമ്പയിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മാർക്കറ്റിൽ നിന്ന് വിട്ടു നിന്നതോടെ മത്സ്യ വില കുറക്കാൻ കച്ചവടക്കാർ നിർബന്ധിതരാവുകയായിരുന്നു. എന്നാൽ മത്സ്യ ബന്ധനത്തിനു ചെലവേറിയതും കിലോമീറ്ററുകൾ അധികംതാണ്ടി കരയിലേക്ക് എതുന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നാണ് മത്സ്യമേഖലയിലെ കച്ചവടക്കാർ പറയുന്നത്.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ