പുതിയ വീസാ ഫീസ് വർധന തൊഴിൽ വീസക്ക് ബാധകമല്ല
Saturday, August 13, 2016 6:33 AM IST
ദമാം: കഴിഞ്ഞ ദിവസം മന്ത്രിസഭാ പാസാക്കിയ വീസ ഫീസ് വർധനവിന്റെ വിശദ വിവരങ്ങൾ തൊഴിൽ മന്ത്രാലയം പുറത്തുവിട്ടു. ഇതുപ്രകാരം സന്ദർശന വീസക്കും ടൂറിസം വീസക്കും ചെലവേറും.

കുടുംബങ്ങളുടെ സന്ദർശന വീസക്കും വാണിജ്യ ആവശ്യങ്ങൾക്കുള്ള സന്ദർശന വീസക്കും ടൂറിസം വീസക്കും ആറു മാസത്തേയ്ക്ക് ഇനി മൂവായിരം റിയാൽ നൽകേണ്ടി വരുമെന്നു തൊഴിൽ മന്ത്രാലയ വക്‌താവ് ഖാലിദ് അബാഖൈൽ വ്യക്‌തമാക്കി.

ഇതു ഒരു വർഷത്തേയ്ക്കു ലഭിക്കണമെങ്കിൽ 5000 റിയാലും രണ്ടു വർഷത്തേയ്ക്ക് 8,000 റിയാലും നൽകേണ്ടിവരും. ആറു മാസക്കാലാവധിയുള്ള സന്ദർശന വീസകളിലെത്തി പിന്നീട് വീസ കാലാവധി നീട്ടുന്നതിനും ഈ നിരക്ക് ബാധകമായിരിക്കും. എന്നാൽ ഫീസ് വർധന തൊഴിൽ വീസക്ക് ബാധകമല്ല. നിലവിലുള്ള രണ്ടായിരം റിയാൽ തന്നെ തുടരും. തൊഴിൽ വീസകളിലുള്ളവർക്കു ഇഖാമ കാലാവധിവരെ എക്സിറ്റ് റീ എൻട്രി വീസ അനുവദിക്കും. രണ്ടു മാസത്തേയ്ക്ക് 200 റിയാലാണ് ഫീസ്. എന്നാൽ രണ്ടു മാസത്തിൽ കൂടുതലുള്ള ഓരോ മാസത്തിനും നൂറു റിയാൽ അധികം നൽകണം.

ഗാർഹിക തൊഴിലാളികളുടെ എക്സിറ്റ് റീ എൻട്രി വീസകൾക്കും ഫീസ് വർധന ബാധകമാണെന്നു ജവാസാത് മേധാവി കേണൽ കേണൽ സുലൈമാൻ അൽ യഹ്യ അറിയിച്ചു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം