സൗദി പ്രതിസന്ധിയിലായ തൊഴിലാളികൾക്കു താത്കാലിക തൊഴിൽ പെർമിറ്റ് അനുവദിക്കും
Saturday, August 13, 2016 6:28 AM IST
ദമാം: പ്രതിസന്ധിയിലായ വിവിധ കമ്പനികളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കു മറ്റു സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനു താല്കാലിക തൊഴിൽ പെർമിറ്റ് അനുവദിക്കുമെന്നു മദീന തൊഴിൽ കാര്യാലയ മേധാവി അവാദ് അൽ ഹാസിമി പറഞ്ഞു.

സൽമാൻ രാജാവിന്റെ ഉത്തരവുപ്രകാരം ശമ്പളം ലഭിക്കാതെയും മറ്റും പ്രായാസപ്പെടുന്ന തൊഴിലാളികൾക്കു എക്സിറ്റിൽ സ്വന്തം നാട്ടിലേക്കു മടങ്ങാവുന്നതാണ്. എന്നാൽ ഇവർക്കു അവകാശപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാൻ മറ്റൊരാളെ ചുമതലപ്പെടുത്താം.

ഇതിനായി തൊഴിൽ കാര്യാലയങ്ങളെയോ എംബസിയേയോ കോൺസുലേറ്റിനെയോ സമീപിക്കാം. വേതന സുരക്ഷാ നിയമ പ്രകാരം മൂന്നു മാസം ശമ്പളം ലഭിക്കാത്ത തൊഴിലാളികളെല്ലാം രാജാവിന്റെ ഉത്തരവു പ്രാകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുള്ളവരാണെന്നു അവാദ് അൽ ഹാസിമി വ്യക്‌തമാക്കി.

അതേസമയം പ്രതിസന്ധിയിലായി സൗദി ഓജർ കമ്പനിയിലെ ഇന്ത്യക്കാരായ തൊഴിലാളികളെ ഏറ്റെടുക്കാനായി സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള അൻപതോളം കമ്പനികൾ തയാറായി വന്നിട്ടുണ്ടെന്നു കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ് അറിയിച്ചു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം