പോലീസ് ബലപ്രയോഗത്തിനെതിരെ ഡാളസിൽ പ്രതിഷേധമാർച്ച് നടത്തി
Thursday, August 11, 2016 7:34 AM IST
ഡാളസ്: കറുത്ത വർഗക്കാർക്കെതിരെ പോലീസ് നടത്തുന്ന ബല പ്രയോഗങ്ങൾക്കെതിരെ ഡാളസിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

ഓഗസ്റ്റ് 10നു ഡാളസ് പോലീസ് ചീഫ് ഡേവിഡ് ബ്രൗണിന്റെ അഭ്യർഥന അവഗണിച്ചാണ് പ്രതിഷേധക്കാർ റാലിക്കണിനിരന്നത്.

വൈകുന്നേരം 6.30നു പാർക്കിൽ സമ്മേളിച്ച പ്രകടനക്കാർ മേയ് സ്ട്രീറ്റു മുതൽ ജെയിൽ വരെയാണ് പ്രകടനം നടത്തിയത്. ജാഥയിൽ പങ്കെടുത്തവർ പോലീസുമായി തർക്കത്തിലേർപ്പെട്ടുവെങ്കിലും അനിഷ്ട സംഭവങ്ങൾ ഒഴിവായി.

നെക്സ്റ്റ് ജനറേഷൻ ആക്ഷൻ നെറ്റ്വർക്ക് സ്‌ഥാപകനും റാലിയുടെ സംഘാടകനുമായ ഡൊമിനിക് അലക്സാണ്ടറെ റാലി തുടങ്ങുന്നതിനു ഏതാനും മണിക്കൂറുകൾക്കു മുമ്പ് പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ഡൗൺ ടൗണിൽ ഇത്തരം റാലികൾ നടത്തുന്നത് സംഘർഷത്തിനു ഇടയാക്കും എന്ന മുന്നറിയിപ്പു സംഘാടകർ മുഖവിലയ്ക്കെടുത്തില്ല.

ജൂലൈ ഏഴിനു നടന്ന പ്രകടനം അക്രമാസക്‌തമായതിനെത്തുടർന്നു നടന്ന വെടിവയ്പിൽ അഞ്ചു പോലീസ് ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ വീട്ടുമാറും മുമ്പ് വീണ്ടുമൊരു റാലി സംഘടിപ്പിച്ചത് പോലീസിനു തലവേദന സൃഷ്ടിച്ചു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ