അബുദാബി മാർത്തോമ യുവജനസഖ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 12ന്
Thursday, August 11, 2016 7:33 AM IST
അബുദാബി: ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനം അബുദാബി മാർത്തോമ യുവജനസഖ്യം വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 12നു (വെള്ളി) രാവിലെ 11 മുതൽ മുസഫ മാർത്തോമ കമ്യൂണിറ്റി ഹാളിൽ ആഘോഷിക്കുന്നു.

വിവിധ കലാരൂപങ്ങൾ അണിനിരത്തുന്ന ഘോഷയാത്രയോടെയാണ് പരിപാടികൾ ആരംഭിക്കുക. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരിയും സഖ്യം പ്രസിഡന്റുമായ റവ. പ്രകാശ് ഏബ്രഹാം സ്വാതന്ത്ര്യദിന സന്ദേശം നൽകും. ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് അനിൽ സി. ഇടിക്കുള, അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി സതീഷ്കുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സഹ വികാരി റവ.ഐസക് മാത്യു, സെക്രട്ടറി ബിജോയ് സാം എന്നിവർ പ്രസംഗിക്കും.

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം വരകളിലൂടെ അവതരിപ്പിക്കുന്ന ചിത്രപ്രദർശനവും പ്രവാസികളായ വിമുക്‌തഭടന്മാരെ ആദരിക്കുന്ന ചടങ്ങും പരിപാടിയുടെ ഭാഗമായിരിക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മുഹൂർത്തങ്ങൾ കോർത്തിണക്കി സഖ്യം പ്രവർത്തകർ തയാറാക്കിയ ‘വീർഷഹിദ്’ എന്ന സംഗീത നാടകവും അരങ്ങേറുമെന്നു കൺവീനർ ഷെറിൻ ജോർജ് തെക്കേമല അറിയിച്ചു.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള