സൗദി ആരോഗ്യമേഖലയിൽ സമ്പൂർണ സൗദിവത്കരണം നടപ്പാക്കാൻ ആലോചന
Wednesday, August 10, 2016 4:44 AM IST
ദമാം: ആരോഗ്യ മേഖലയിൽ സമ്പൂർണ സൗദിവത്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതി തയാറാക്കുന്നതിനായി ആരോഗ്യ മന്ത്രാലയവുമായി ചേർന്നു തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം സംയുക്‌ത കമ്മിറ്റി രൂപീകരിച്ചതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ഫാർമസികളിൽ ഘട്ടം ഘട്ടമായി സ്വദേശിവത്കരണം നടപ്പാക്കുമെന്നു തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയ വ്യക്‌താവ് ഖാലിദ് അബഖൈൽ നേരത്തെ വ്യക്‌തമാക്കിയിരുന്നു.

മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു വിദേശികളാണു സൗദിയിലെ ആരോഗ്യമേഖലയിൽ ഇപ്പോൾ ജോലിചെയ്യുന്നത്. ഈ മേഖലയിൽ പൂർണ സ്വദേശിവത്കരണം നടപ്പിലാക്കുന്നതോടെ ഇവിടെ ജോലി ചെയ്യുന്നവരുടെ മാത്രമല്ല ഗൾഫ് മോഹവുമായി കാത്തിരിക്കുന്ന നിരവധി ഉദ്യോഗാർഥികളുടെയും സ്വപ്നങ്ങളാണു തകർന്നടിയുന്നത്.

ഫാർമസികളികളിൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കുന്നതിലൂടെ സ്വദേശികൾക്കു 15,000 ലേറെ തൊഴിലവസരങ്ങളാണു ലഭിക്കുന്നത്.

അതേസമയം ആരോഗ്യ മേഘലയിൽ സമ്പൂർണ സൗദിവത്കരണം നടപ്പാക്കുന്നതിലൂടെ സ്വദേശികൾക്കു എത്ര തൊഴിലവസരങ്ങൾ ലഭിക്കുമെന്നു ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് മന്ത്രാലയ വൃത്തങ്ങൾ പറയുന്നത്.

അടുത്ത വർഷം ആദ്യ പകുതിയിൽ കാർ ഏജൻസികളിലും കാർ ഷോറൂമുകളിലും റെന്റ് എ കാർ സ്‌ഥാപനങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൂടാതെ പച്ചക്കറി വിപണിയിലും ജ്വല്ലറികളിലും സ്വദേശിവത്കരണം നടപ്പാക്കുന്നതിനും തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയത്തിനു പദ്ധതിയുണ്ട്.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം