സൗദിയിൽ അപകടങ്ങളിൽപ്പെട്ട വാഹനങ്ങൾ നിർത്താതെ പോവുന്നവർക്കു കടുത്ത പിഴ
Wednesday, August 10, 2016 4:44 AM IST
ദമാം: റോഡപകടങ്ങളിൽ വാഹനം നിർത്താതെ പോവുന്നവർക്കു കടുത്ത പിഴ ശിക്ഷ നൽകുന്ന ഭേദഗതിക്കു സൗദി മന്ത്രിസഭ അംഗീകാരം നൽകി.

അപകടം വരുത്തിവച്ച വാഹനം നിർത്തുകയും പരിക്കേറ്റവരെ സഹായിക്കുകയും ചെയ്യണമെന്നാണ് വ്യവസ്‌ഥ. ഒപ്പം ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയും വേണം. ഇതിനു വിരുദ്ധമായി വാഹനം ഓടിച്ചു പോകുന്നവർക്കു പതിനായിരം റിയാൽ പിഴയോ മൂന്നു മാസത്തിൽ കൂടാത്ത ജയിൽ ശിക്ഷയോ രണ്ടും ഒന്നിച്ചോ ലഭിക്കും. നിയമ ലംഘനം ആവർത്തിക്കുന്നവർക്കു ശിക്ഷാ നടപടിയും വർധിക്കും.

വാഹനം ഉപയോഗിച്ചു അഭ്യാസപ്രകടനം നടത്തുന്നവർക്കുള്ള ശിക്ഷയും വർധിപ്പിച്ചു. ആദ്യ തവണ 20,000 റിയാലും 15 ദിവസത്തേക്കു വാഹനം പിടിച്ചെടുക്കുകയും ചെയ്യും. പിന്നീട് ജയിൽ ശിക്ഷ നൽകുന്നതിനായി പ്രത്യേക കോടതിക്കു കൈമാറും. നേരത്തേ ഇത് ആയിരം റിയാൽ മാത്രമായിരുന്നു.

രണ്ടാം തവണ നിയമ ലംഘനം ആവർത്തിച്ചാൽ ഒരു മാസത്തേയ്ക്കു വാഹനം പിടിച്ചെടുക്കുകയും 40,000 റിയാൽ പിഴയും ജയിൽ ശിക്ഷയും ലഭിക്കും. മൂന്നാം തവണ പിഴ സംഖ്യ 60,000 റിയാൽ ആയി വർധിക്കും.

സൗദിക്കു പുറത്തു വാഹനം നശിപ്പിക്കുകയോ വില്പന നടത്തുകയോ ചെയ്താൽ ട്രാഫിക് വിഭാഗത്തെ അറിയിക്കാത്തവർക്കു പതിനായിരം റിയാൽ പിഴ ഈടാക്കാനും ഭേദഗതി ചെയ്ത നിയമത്തിൽ വ്യവസ്‌ഥ ചെയ്യുന്നു.

മറ്റൊരാളുടെ വാഹന ഉടമസ്‌ഥ രേഖ, ഡ്രൈവിംഗ് ലൈസൻസ് എന്നിവ തടഞ്ഞു വയ്ക്കുകയോ പണയം വയ്ക്കുകയോ ചെയ്യുന്നവർക്ക് ആയിരം റിയാലിൽ കുറയാത്തതും രണ്ടായിരം റിയാലിൽ കൂടാത്തതുമായി സംഖ്യ പിഴ ഒടുക്കേണ്ടതായി വരുമെന്നും ഭേദഗതി ചെയ്ത നിയമത്തിൽ പറയുന്നു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം