സൗദിയിൽ വീസ ഫീസുകൾ കുത്തനെ കൂട്ടി
Wednesday, August 10, 2016 4:38 AM IST
റിയാദ്: നിലവിലെ വീസ നിരക്കുകൾ കുത്തനെ വർധിപ്പിക്കുന്നതിനു സൗദി ഭരണകൂടം തീരുമാനിച്ചു. പെട്രോളിയം ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വീസ നിരക്കുകൾ വർധിപ്പിക്കുന്നതിനോടൊപ്പം ട്രാഫിക് പിഴകളും വർധിപ്പിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി തീരുമാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് യോഗം നിയന്ത്രിച്ച കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ഇബ്നു നായിഫ് രാജകുമാരൻ അറിയിച്ചു. പുതുക്കിയ നിരക്കുകൾ ഒക്ടോബർ രണ്ടിനു നിലവിൽ വരും.

രാജ്യത്ത് റസിഡൻസ് വീസയുള്ള വിദേശികൾക്ക് രണ്ടു മാസം കാലാവധിയുള്ള ഒരു തവണ മാത്രം പോയി വരാവുന്ന വീസക്ക് 200 റിയാലാണ് പുതുക്കിയ നിരക്ക്. പിന്നീടുള്ള ഓരോ മാസത്തിനും നൂറു റിയാൽ അധികം നൽകണം. മൂന്നു മാസം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വീസക്ക് 500 റിയാലും തുടർന്നുള്ള ഓരോ മാസത്തിനും 200 റിയാലുമായിരിക്കും. നിലവിൽ ആറു മാസം കാലാവധിയുള്ള ഈ വീസയ്ക്കായിരുന്നു 500 റിയാൽ ചാർജ് ചെയ്തിരുന്നത്.

ഹജ്, ഉംറ എന്നിവയ്ക്കായി ആദ്യം വരുന്ന തീർഥാടകന് ചാർജ് ഉണ്ടായിരിക്കില്ല. പക്ഷേ രണ്ടാമത്തെ തീർഥാടനത്തിനു വീസയ്ക്കായി 2000 റിയാൽ അടയ്ക്കണം. സൗദി അറേബ്യ സന്ദർശിക്കുന്ന വീദേശികൾക്ക് ഇനി ആറു മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസിറ്റിംഗ് വീസയ്ക്ക് 3000 റിയാൽ അടയ്ക്കണം. ഒരു വർഷത്തേക്ക് 5000 റിയാലും രണ്ട് വർഷത്തേയ്ക്ക് ഇതേ വീസക്ക് 8000 റിയാലുമായിരിക്കും പുതിയ നിരക്ക്. ട്രാൻസിറ്റ് വീസ ചാർജ് 300 സൗദി റിയാൽ എന്ന പഴയ നിരക്ക് തുടരും. തുറമുഖം വഴി സൗദിയിൽനിന്നു പുറത്തേക്കു പോകുന്ന വിദേശികൾക്ക് ഇനി 50 റിയാൽ ഫീസ് അടയ്ക്കണം.

ട്രാഫിക് നിയമങ്ങളിലും സമഗ്ര ഭേദഗതികൾക്കു മന്ത്രിസഭ അംഗീകാരം നൽകി. അപകടകരമായ രീതിയിൽ കാറോട്ട മത്സരങ്ങൾ നടത്തുന്നവർക്ക് ഇനി ആദ്യം പിടിക്കപ്പെട്ടാൽ 20,000 റിയാലും രണ്ടാമത് 40,000 റിയാലും പിഴയൊടുക്കണം. ഡ്രൈവിംഗ് ലൈസൻസിലോ വാഹന രജിസ്ട്രേഷനിലോ കൃത്രിമം കാണിക്കുന്നവർക്ക് ആയിരം മുതൽ 2000 റിയാൽ വരെ പിഴയുണ്ടാകും.

സാധാരണ പ്രവാസികളെ സംബന്ധിച്ചിടത്തോളം പുതുക്കിയ വീസ നിരക്കുകൾ വലിയ തിരിച്ചടിയാകും. കുടുംബത്തെ സന്ദർശക വീസയിൽ കൊണ്ടുവരുന്നവർക്ക് അവധിക്കാലത്തെ അമിതമായ വിമാന നിരക്കിനോടൊപ്പം ഉയർന്ന വീസ ഫീസും കൂടി നിലവിൽ വരുന്നതോടെ ഇതെല്ലാം സ്വപ്നം മാത്രമായി അവേശഷിക്കും. പെട്രോളിയം ഉത്പന്നങ്ങളുടെ തുടർച്ചയായ വിലയിടിവുമൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സൗദി അറേബ്യയിൽ പെട്രോളിയേതര വരുമാന മാർഗങ്ങളിൽ ശ്രദ്ധയൂന്നാനുള്ള ഭരണകൂടത്തിന്റെ തീരുമാനം വിദേശികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ