കുവൈത്ത് കെഎംസിസി നാല്പതാമത് വാർഷികോദ്ഘാടനം ഓഗസ്റ്റ് 11ന്
Tuesday, August 9, 2016 6:45 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ ആദ്യ മലയാളി പ്രവാസി സംഘടനയായ കുവൈത്ത് കെഎംസിസി നാല്പതാമത് വാർഷികം ഓഗസ്റ്റ് 11നു (വ്യാഴം) ആഘോഷിക്കുന്നു.

വൈകുന്നേരം ഏഴിനു അബാസിയ കമ്യൂണിറ്റി ഹാളിൽ പാണക്കാട് സയിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ മുഖ്യാതിഥിയായിരിക്കും. മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ ഡോ. എം.കെ. മുനീർ എംഎൽഎ കാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം നടത്തും. കുവൈത്തിലെ സാമൂഹിക സംസ്കാരിക വാണിജ്യ മേഖലയിലെയും ഔദ്യോഗിക രംഗത്തെയും പ്രമുഖർ പങ്കെടുക്കും.

1976 ഓഗസ്റ്റിലാണ് മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി കുവൈത്തിൽ രൂപീകരിക്കുന്നത്. വിവിധ ക്ഷേമ പദ്ധതികളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കെഎംസിസികൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളും കാരുണ്യ പദ്ധതികളുമായാണ് നാല്പതാമത് വാർഷികം ആഘോഷിക്കുന്നത്.

ബൈത്തുറഹ്മകൾ, നിർധനരായ യുവതീ യുവാക്കളെ കണ്ടെത്തി സമൂഹ വിവാഹം, കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകൾക്ക് വീൽ ചെയറുകളും സ്ട്രക്ച്ചറുകളും നൽകുക, കേരളത്തിലെ മുഴുവൻ

ജില്ലകളെയും ഉൾപ്പെടുത്തി ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി, സീതി സാഹിബ് വിദ്യാഭ്യാസ സ്കോളർഷിപ്പ്, കേരളത്തിലെ മുഴുവൻ സിഎച്ച് സെന്ററുകൾക്കും സാമ്പത്തിക സഹായം എന്നിവയാണ് സഹായ പദ്ധതികൾ.

പ്രഖ്യാപന സമ്മേളനം, ഈദ് സ്നേഹ സമ്മേളനം, വനിതാ സമ്മേളനം, കലാ–കായിക മത്സരങ്ങൾ, സമാപന മഹാ സമ്മേളനം എന്നിവ ആഘോഷത്തിന്റെ ഭാഗമായിരിക്കും.

പത്ര സമ്മേളനത്തിൽ പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി പി.എ. അബ്ദുൽ ഗഫൂർ വയനാട്, വൈസ് പ്രസിഡന്റുമാരായ ഫാറൂഖ് ഹമദാനി, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, ഇഖ്ബാൽ മാവിലാടം, അത്തീഖ് കൊല്ലം, ജോയിന്റ് സെക്രട്ടറിമാരായ സിറാജ് എരഞ്ഞിക്കൽ, എം.ആർ. നാസർ, സലാം ചെട്ടിപ്പടി എന്നിവർ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ