ട്രംപിനു പിന്തുണയുമായി മുൻ ന്യൂയോർക്ക് മേയർ റൂഡ്
Monday, August 8, 2016 6:57 AM IST
ന്യൂയോർക്ക്: തുടർച്ചയായി വിമർശന വിധേയനാകുന്ന റിപ്പബ്ലിക്കൻ പാർട്ടി സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിനെ അനുകൂലിച്ച് മുൻ ന്യൂയോർക്ക് മേയർ റൂഡ് ഗുലാനിയും മുൻ ഹൗസ്് സ്പീക്കർ ഗിൻ ഗ്രിച്ചും രംഗത്തെത്തി.

ട്രംപിന്റെ നിലപാടുകൾക്കെതിരെ ശക്‌തമായി പ്രതികരിച്ച ഇരുവരും ഹില്ലരി ക്ലിന്റണു ലഭിച്ചിരിക്കുന്ന അനുകൂല തരംഗം റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്‌ഥാനാർഥി ട്രംപിനെ സാരമായി ബാധിക്കും എന്ന തിരിച്ചറിവാണ് അനുകൂലമായി പ്രതികരിക്കുവാൻ പ്രേരിപ്പിച്ചത്.

ഓഗസ്റ്റ് ഏഴിനു ഒരു പ്രമുഖ ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണ് റൂഡ് ഗുലാനി നിലപാട് വ്യക്‌തമാക്കിയത്.

ഇപ്പോൾ ഹില്ലരിക്കു ലഭിച്ച മുന്നേറ്റത്തിൽ പരിഭ്രമിക്കേണ്ടതില്ലെന്നും ജോർജ് ബുഷ് മത്സര രംഗത്തെത്തിയപ്പോൾ സെപ്റ്റംബറിൽ ഡമോക്രാറ്റിക് സ്‌ഥാനാർഥിയേക്കാൾ 16 പോയിന്റ് പിന്നിലായിരുന്നുവെന്നും എന്നാൽ ഈ ലീഡ് മറികടന്ന ബുഷ് വിജയിച്ച ചരിത്രമാണ് മുമ്പിലുളളതെന്നും മേയർ ചൂണ്ടിക്കാട്ടി. ഇപ്പോൾ ട്രംപ് എട്ടു പോയിന്റ് പിന്നിലാണ്.

വീരമൃത്യവരിച്ച ആർമി ക്യാപ്റ്റൻ ഹുമയൂൺ ഖാൻ, ഹില്ലരിയുടെ ഇമെയിൽ വിവാദത്തിൽ റഷ്യൻ പങ്ക്, പോൾ റയ്നെ എൻഡോഴ്സ് ചെയ്യുകയില്ല തുടങ്ങിയ പ്രസ്താവനകൾ ട്രംപിനെ ദോഷകരമായി ബാധിച്ചിരുന്നു. ട്രംപിന്റെ രാഷ്ര്‌ടീയത്തിലെ പരിചയകുറവാണ് ഇത്തരം തെറ്റുകൾക്ക് ഇടയാക്കിയതെന്നു ഗിൻ ഗ്രിച്ച് അഭിപ്രായപ്പെട്ടു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ