വിഖായ സന്നദ്ധസേവകർ ഈ വർഷവും പുണ്യഭൂമിയിൽ കർമപഥത്തിലേക്ക്
Monday, August 8, 2016 6:53 AM IST
ജിദ്ദ: വിശുദ്ധ ഹജ്‌ജ് കർമം നിർവഹിക്കാൻ എത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ എസ്കെഎസ്എസ്എഫിന്റെ സേവന വിഭാഗമായ വിഖായയുടെ വോളന്റിയർമാർ ഒരുങ്ങികഴിഞ്ഞു.

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള എസ്കെഐസിയുടെയും എസ്വൈഎസിന്റെയും പ്രവർത്തകരായിരിക്കും സേവന വീഥിയിൽ അണിനിരക്കുക.

മിന, മുസ്തലിഫ, അറഫ, വിശുദ്ധ ഹറമിലും പരിസരങ്ങളിലും തുടങ്ങി ഹജ്‌ജ് കർമങ്ങളുടെ പ്രധാന കേന്ദ്രങ്ങൾക്കു പുറമെ കാൽനടപ്പാതകൾ, വാഹനങ്ങളുടെ പ്രത്യക പാതകൾ, ട്രെയിൻ സംവിധാനം തുടങ്ങി പൊതു വിവരങ്ങളും ഹാജിമാരുടെ താമസ സ്‌ഥലങ്ങൾ, ജംറകൾ, ആതുരശുശ്രൂഷ കേന്ദ്രങ്ങൾ തുടങ്ങി സുപ്രധാന സ്‌ഥലങ്ങളുടെ പ്രത്യകം തയാറാക്കപെട്ട മാപ്പ് ഉൾപ്പെടെ ഹാജിമാർക്ക് നൽകേണ്ട മാർഗ നിർദ്ദേശങ്ങൾക്കായി അറിഞ്ഞിരിക്കേണ്ട വിഷയങ്ങൾ വിശദമായി പഠിക്കുകയും സേവനരംഗത്ത് ഹജ്‌ജ് മിഷൻ തുടങ്ങി ഔദ്യാഗിക സംവിധാനങ്ങൾ മുഖേന ലഭ്യമാകുന്ന നിർദ്ദേശങ്ങളും സംവിധാനങ്ങളും സംഘം ഉപയുക്‌തമാക്കും.

ജിദ്ദയിൽ നിന്നുള്ള സേവന സംഘത്തെ ശാസ്ത്രീയമായി ചിട്ടപെടുത്തുന്നതിനായി ഹജ്‌ജ് സേവന രംഗത്ത് പരിജ്‌ഞാനമുള്ളവരുടെ സാന്നിധ്യത്തിൽ പരിശീലന പ്രവർത്തനങ്ങൾക്ക് ജിദ്ദ ഇസ്ലാമിക് സെന്ററിൽ തുടക്കമായി. പുതുതായി സേവന പ്രവർത്തനങ്ങൾക്ക് താത്പര്യമുള്ള പ്രവർത്തകർക്ക് രജിസ്ട്രേഷൻ സൗകര്യവും ഹെൽപ് ഡെസ്കും ജിദ്ദ ഇസ്ലാമിക് സെന്ററിൽ പ്രവർത്തിച്ചു തുടങ്ങി.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ