ഒളിമ്പിക്സിൽ മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് ഷിഫ അൽജസീറ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Monday, August 8, 2016 6:45 AM IST
റിയാദ്: റിയോ ഒളിമ്പിക്സിൽ മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് ഷിഫ അൽജസീറ മെഡിക്കൽ ഗ്രൂപ്പ് സ്വർണ മെഡൽ ഉൾപെടെ പ്രത്യേക പുരസ്കാരങ്ങൾ സമ്മാനിക്കുമെന്നു ചെയർമാൻ ഡോ. കെ.ടി റബീഉള്ള അറിയിച്ചു.

സ്വർണ മെഡൽ നേടുന്ന മലയാളി താരത്തിനു അഞ്ചു പവന്റെയും വെള്ളി മെഡൽ ജേതാവിനു മൂന്നു പവന്റെയും ഓട്ടു മെഡൽ ജേതാവിനു രണ്ടു പവന്റെയും സ്വർണ പതക്കങ്ങൾ സമ്മാനിക്കും.

ലോകത്തിനു മുമ്പിൽ ഇന്ത്യയുടെ യശസ് വാനോളം ഉയർത്താൻ മലയാളി താരങ്ങൾക്കു കഴിയണമെന്നും മുൻകാലങ്ങളിലെ ഒളിമ്പിക്സുകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മാതൃകയാക്കി മെഡലുകൾ നേടാൻ പുതിയ തലമുറക്ക് സാധിക്കണമെന്നും ഇന്ത്യയുടെ നേട്ടങ്ങളിൽ മലയാളത്തിന്റെ കൈയൊപ്പ് രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സ്പോർട്സ് രംഗത്ത് കേരളത്തിലെ താരങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം ലഭ്യമാക്കാൻ നടപടികളുണ്ടാവണം. അതിനായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൂടി ഗവൺമെന്റ് ക്ഷണിക്കണം. കായികരംഗത്തിന്റെ വളർച്ച കാംക്ഷിക്കുന്നവർ വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കിടയിലുമുണ്ട്. അവരുടെ സഹകരണം കൂടി ഉറപ്പാക്കുക വഴി കായിക താരങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ സംസ്‌ഥാനത്തിനാകുമെന്നും റബീഉള്ള പറഞ്ഞു. സ്പോർട്സ് രംഗത്ത് കേരളത്തിന്റെ മുന്നേറ്റത്തിനു ആവശ്യമായ സഹായങ്ങൾ നൽകാൻ കേരളത്തിലെ എല്ലാ വ്യവസായികളും കൈകോർക്കണമെന്നും റബീഉള്ള അഭ്യർഥിച്ചു.

കേരളത്തിന്റെ കായിക കുതിപ്പിനുവേണ്ടി എല്ലാവിധ സഹായങ്ങളും ചെയ്യാൻ താനും തന്റെ ഗ്രൂപ്പും സന്നദ്ധമാണെന്ന് അറിയിച്ച റബീഉള്ള ഇന്ത്യൻ സോഫ്റ്റ് ബോൾ ഏക വനിതാ താരമായ മലപ്പുറം കോട്ടയ്ക്കൽ സ്വദേശിനി ആയിശക്ക് മത്സരത്തിൽ പങ്കെടുക്കാൻ ആവശ്യമായ ധനസഹായം നേരത്തെ നൽകിയിരുന്നു. ജന്മനാടായ ഈസ്റ്റ് കോഡൂരിൽ വിപുല സൗകര്യങ്ങളുള്ള സ്റ്റേഡിയവും മറ്റു സംവിധാനങ്ങളും നിർമിച്ച് നാട്ടുകാർക്കു സമ്മാനിച്ച അദ്ദേഹം ഈ രംഗത്തു പ്രവർത്തിക്കുന്ന ഒട്ടേറെ സംഘടനകൾക്കും വ്യക്‌തികൾക്കും സഹായങ്ങൾ നൽകിയിരുന്നു.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ