കുവൈത്തിൽ രേഖകളില്ലാത്ത ഇന്ത്യക്കാരെ മടക്കി അയയ്ക്കണം: കല കുവൈറ്റ്
Monday, August 8, 2016 6:43 AM IST
കുവൈത്ത് സിറ്റി: കുടിയേറ്റ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന 29,000 ഇന്ത്യാക്കാരെ മടക്കി അയയ്ക്കണമെന്നു കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കേന്ദ്ര സംസ്‌ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും കല കുവൈറ്റ് സമർപ്പിച്ചു.

കുവൈത്തിൽ ഏതാണ്ട് 29,000 ത്തോളം ഇന്ത്യാക്കാർ കുടിയേറ്റ രേഖകളില്ലാതെ അനധികൃതമായി താമസിക്കുന്നതായി കുവൈത്ത് സർക്കാരിന്റെ കണക്കുകളിൽ പറയുന്നു. താമസ കുടിയേറ്റ രേഖകൾ ശരിയാക്കുന്നതിനു സാധിക്കാത്ത അവസ്‌ഥയിലാണ് ഇവരിൽ ഭൂരിഭാഗവും. സ്വദേശത്തേയ്ക്കു മടങ്ങിപോകുവാൻ താല്പര്യം ഉണ്ടെങ്കിലും നിയമത്തിന്റെ നൂലാമാലകളും കാർക്കശ്യവും പലരെയും നിയമനടപടികൾക്കു വിധേയമായി വിരലടയാളം എടുത്ത് സ്വരാജ്യത്തേയ്ക്ക് മടങ്ങിപോകുന്നതിനു നിരുത്സാഹപ്പെടുത്തുകയും ഇവിടെ ആപത്കരമായ രീതിയിൽ ജീവിതം തള്ളി നീക്കുന്നതിന് ഇടവരുത്തുകയും ചെയ്യുന്നു. കൂടാതെ രണ്ടായിരത്തിലേറെ ആളുകൾ കുവൈത്തിലെ ജയിലുകളിൽ സ്വദേശത്തേയ്ക്ക് മടങ്ങുവാൻ കാത്തിരിക്കുന്നു. അങ്ങനെ കുടുങ്ങികിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യവകുപ്പും കേരള സർക്കാരും സംയുക്‌തമായി മന്ത്രിമാർ അടങ്ങുന്ന ഉന്നതതല സംഘത്തെ കുവൈത്തിൽ അയച്ച് ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും മടങ്ങുന്നതിനു താത്പര്യമുള്ളവരെ മുഴുവൻ മാന്യമായി ഒഴിപ്പിച്ചുകൊണ്ടുപോകുന്നതിനുള്ള സത്വര നടപടികൾ ബന്ധപ്പെട്ട അധികൃതർ ചെയ്യണമെന്നും കല കുവൈറ്റ് പ്രസിഡന്റ് ആർ നാഗനാഥൻ പ്രസ്താവനൽ ആവശ്യപ്പെട്ടു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ