ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോന ദശാബ്ദി യുവജന ധ്യാനം; ഒരുക്കങ്ങൾ പൂർത്തിയായി
Friday, August 5, 2016 6:21 AM IST
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ഇടവകയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന യുവജനധ്യാനത്തിന്റെ ക്രമീകരണങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് 19നു (വെള്ളി) വൈകുന്നേരം അഞ്ചിനു തുടങ്ങി 21നു (ഞായർ) ആറിനു അവസാനിക്കുന്ന ധ്യാനം റോക്ഫോർഡിലുള്ള ബിഷപ് ലൈൻ റിട്രീറ്റ് സെന്ററിലാണ് നടക്കുക. ഷിക്കാഗോ സേക്രഡ് ഹാർട്ട്, ഷിക്കാഗോ സെന്റ് മേരീസ്, ഡിട്രോയിറ്റ് സെന്റ് മേരീസ് എന്നീ ദേവാലയങ്ങളിൽ നിന്നും മിനിസോട്ട ക്നാനായ മിഷനിൽനിന്നുമായി 120 യുവജനങ്ങൾ പങ്കെടുക്കും.

പ്രശസ്ത ധ്യാന ഗ്രൂപ്പായ കെയ്റോസ് ധ്യാനഗ്രൂപ്പിലെ അംഗങ്ങൾ ധ്യാനത്തിനു നേതൃത്വം നൽകും. വചന പ്രഘോഷണ രംഗത്ത് ഏറെ പരിചയവും അനുഭവവും ഉള്ള കെയ്റോസ് ടീമിന്റെ ധ്യാനം നമ്മുടെ യുവജനങ്ങൾക്ക് ഏറേ അനുഗ്രഹദായകമായിരിക്കുമെന്നു ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് പറഞ്ഞു.

അമേരിക്കൻ സാഹചര്യത്തിൽ വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് വിശ്വാസത്തിൽ അടിയുറച്ചു വളരുവാനും പ്രതിസന്ധികളെ തരണം ചെയുവാനും ധ്യാനം ഏറെ സഹായകരമാകുമെന്നു ക്നാനായ റീജൺ ഡയറക്ടർ മോൺ. ഫാ. തോമസ് മുളവനാൽ അഭിപ്രായപ്പെട്ടു.

യുവജനങ്ങളിൽ ക്നാനായ സമുദായത്തിന്റെ ഐക്യവും കൂട്ടായ്മയും ഊട്ടി വളർത്തുവാനും ദൈവാശ്രയബോധത്തിൽ വളർന്നുവരുവാനും ഈ യുവജനധ്യാനത്തിന് സാധിക്കട്ടെയെന്ന് ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവക വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട് ആശംസിച്ചു.

ധ്യാനത്തിന്റെ ക്രമീകരണങ്ങൾ എല്ലാ യുവജനങ്ങളും കൃത്യമായി പാലിക്കണമെന്നു കോ–ഓർഡിനേറ്റർമാരായ ജോണി തെക്കേപ്പറമ്പിൽ, ടോമി കുന്നശേരിയിൽ, ജോസ് ചാഴികാട്ട് എന്നിവർ അറിയിച്ചു.