ഹൈന്ദവ സംഗമം ഹൂസ്റ്റണിൽ, സുരേന്ദ്രൻ നായർ പങ്കെടുക്കും
Friday, August 5, 2016 2:40 AM IST
ഹൂസ്റ്റൺ: മലയാളികളുടെ ക്ഷേത്ര നഗരമായ ഹുസ്റ്റണിൽ കെഎച്ച്എൻഎ പ്രസിഡന്റ് സന്ദർശനം നടത്തുന്നു. ശ്രീഗുരുവായൂരപ്പൻ ക്ഷേത്രം സന്ദർശിക്കുന്ന അദ്ദേഹം ഓഗസ്റ്റ് 14 നു ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ഹൈന്ദവ സംഗമത്തിൽ പങ്കെടുക്കും. അടുത്ത വർഷം ഡിട്രോയിട്ടിൽ നടക്കുന്ന ഹിന്ദു മത കൺവൻഷനു മുന്നോടിയായി നടക്കുന്ന സന്ദർശനം പ്രത്യേക പ്രാധാന്യം അർഹിക്കുന്നു.

സുരേന്ദ്രൻ നായരുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളിലൂടെ അമേരിക്കയുടെ മണ്ണിൽ ഹൈന്ദവരുടെ ഇടയിൽ ചലനാത്മകമായ മുന്നേറ്റം നടത്താൻ കെഎച്ച്എൻഎയ്ക്കു സാധിക്കുന്നു. താരതമ്യേന മലയാളി സാന്നിധ്യം കുറഞ്ഞ ചെറിയ നഗരങ്ങളിൽ പോലും കെ.എച്ച്.എൻ.എ സാന്നിധ്യം അറിയിച്ചു വരുന്നു. സംഘടിച്ചു ശക്‌തരാവുക എന്ന ഗുരുവാക്യം അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ടു കൊണ്ട് സ്വാധീനം വർധിപ്പിക്കാൻ പടി പടിയായി കെഎച്ച്എൻഎയ്ക്കു കഴിയുന്നുണ്ട്. കെഎച്ച്.എൻഎ വിവിധ സേവന പ്രവർത്തനങ്ങളിലൂടെ പ്രവാസി സംഘടനകൾക്കു മുഴുവൻ മാതൃകയാവുന്നു. യുവാക്കളുടെ സാന്നിദ്ധ്യവും അവർക്കു കിട്ടുന്ന പ്രോത്സാഹനവും കെഎച്ച്എൻഎയുടെ മുന്നേറ്റത്തിൽ പ്രതിഫലിക്കുന്നു എന്നതും എടുത്തു പറയേണ്ടതുണ്ട്.

നോർത്ത് അമേരിക്കയിലെ ഹൈന്ദവ നവോത്ഥാനത്തിന് സാക്ഷ്യം വഹിച്ചു ശ്രീഗുരുവായൂരപ്പൻ ക്ഷേത്രം ഉയർന്ന മണ്ണിൽ നടക്കുന്ന ഹൈന്ദവ സംഗമത്തിൽ കെഎച്ച്എൻഎയുടെയും കെഎച്ച്എസ്ജിഎച്ച് എൻഎസ്എസ്, ശ്രീനാരായണ മിഷൻ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കും.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം