ജീമോൻ ജോർജ് ഫിലഡൽഫിയ ഏഷ്യൻ അമേരിക്കൻ അഫയേഴ്സ് കമ്മീഷണർ
Thursday, August 4, 2016 8:17 AM IST
ഫിലഡൽഫിയ: സാമൂഹിക രാഷ്ട്രീയ മാധ്യമ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച ജീമോൻ ജോർജിനെ ഏഷ്യൻ അമേരിക്കൻ അഫയേഴ്സ് കമ്മീഷണറായി മേയർ ജിം കെന്നി നിയോഗിച്ചു.

അമേരിക്കയിലെ പ്രധാന നഗരങ്ങളിൽ അഞ്ചാം സ്‌ഥാനം അലങ്കരിക്കുന്ന സാഹോദര്യ നഗരമായ ഫിലഡൽഫിയയിലെ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ചാണ് ഈ സ്‌ഥാനലബ്ദി. വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ പ്രതിനിധികൾ അടങ്ങുന്നതാണ് ഏഷ്യൻ അമേരിക്കൻ അഫയേഴ്സ് കമ്മീഷൻ

തങ്ങൾ പ്രതിനിധീകരിക്കുന്ന സമൂഹത്തെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങൾ സിറ്റിയുടെ ഭരണതലത്തിൽ എത്തിക്കുക എന്നുള്ളതാണു കമ്മീഷണർമാരുടെ പ്രധാന ദൗത്യം. വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നേരിട്ടു ബന്ധപ്പെട്ടു പ്രശ്നപരിഹാരത്തിനു ശ്രമിക്കാൻ അവസരം കിട്ടുന്നു. അതു പോലെ സിറ്റിയും സമൂഹവുമായുള്ള ബന്ധത്തിന്റെ മുഖ്യ കണ്ണിയായും കമ്മീഷണർമാർ പ്രവർത്തിക്കുന്നു. പുതിയ കച്ചവട സംരംഭങ്ങൾ ആരംഭിക്കുവാനുള്ള സാഹചര്യം ഒരുക്കുക, സാമൂഹിക സാംസ്കാരിക കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും കമ്മീഷണറുടെ ചുമതലകളിൽവരും.

വർധിച്ചു വരുന്ന ഏഷ്യൻ കുടിയേറ്റ സമൂഹത്തിന്റെ ആവശ്യങ്ങളും ആവലാതികളും ഭരണതലത്തിൽ അറിയിക്കുകയും വിവിധ വകുപ്പുകളുമായുള്ള പ്രവർത്തനങ്ങൾ ഏകീകരിച്ചു പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കമ്മീഷൻ ഏതാനും വർഷം മുൻപ് ആരംഭിച്ചത്. മേയർ കെന്നി അത് വികസിപ്പിക്കുകയും കൂടുതൽ ചുമതലകൾ കമ്മീഷണർമാർക്ക് നൽകുകയും ചെയ്തു. ഏഷ്യൻ സമൂഹത്തിനു മേയർ നൽകുന്ന പ്രാധാന്യത്തിനു തെളിവാണിതെന്നു ജീമോൻ ജോർജ് ചൂണ്ടിക്കാട്ടി.

അടുത്തയിടക്ക് ജീമോൻ ജോർജിനെ നോർത്താംപ്ടൺ ടൗൺഷിപ്പ് പബ്ലിക് ലൈബ്രറി ബോർഡ് അംഗമായി ടൗൺ കൗൺസിൽ നിയമിച്ചിരുന്നു.

കോട്ടയം സ്വദേശിയായ ജീമോൻ ജോർജ് വിദ്യാഭ്യാസ കാലം മുതൽ രാഷ്ര്‌ടീയ സാമൂഹിക മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. 1987ൽ അമേരിക്കയിലെത്തിയ ശേഷം ഇവിടേയും വിവിധ സംഘടനകളിൽ സജീവമാകുകയും മുഖ്യധാരാ രാഷ്ര്‌ടീയവുമായി ബന്ധപ്പെടുകയും ചെയ്തു. ഇലക്ഷനുകളിൽ പ്രചാരണത്തിനിറങ്ങുകയും ഫണ്ട് സമാഹരണങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു ശ്രദ്ധേയനായി. ട്രൈസ്റ്റേറ്റ് ഫോറം, എക്യുമെനിക്കൽ പ്രസ്‌ഥാനം, ഐഎൻഒസി, കോട്ടയം അസോസിയേഷൻ എന്നിവയിലൊക്കെ സജീവമായി പ്രവർത്തിക്കുന്നു. ഇന്തോ അമേരിക്കൻ സംഘടനകളിലും സജീവമാണ് ക്സ് കൗണ്ടിയിലെ ചർച്ച് വില്ലിൽ താമസിക്കുന്ന ജീമോൻ ജോർജ്.

ഭാര്യ ഷീല ജോർജ്, മക്കൾ: മേഗൻ ജോർജ്, നോയൽ ജോർജ്.