ജൂലൈയിൽ ഹില്ലരി സമാഹരിച്ചത് 63 മില്യൺ ഡോളർ
Thursday, August 4, 2016 7:10 AM IST
വാഷിംഗ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥി ഹില്ലരി ക്ലിന്റൺ ജൂലൈയിൽ 63 മില്യൺ ഡോളർ സമാഹരിച്ചതായി കണക്കുകൾ വ്യക്‌തമാക്കുന്നു.

ഒരു മാസം ഇത്രയധികം തുക സമാഹരിക്കുന്നതും ഒരു വേനലിൽ ഒരു പ്രസിഡന്റ് സ്‌ഥാനാർഥി ഇത്രയും തുക സമാഹരിക്കുന്നതും ഇതാദ്യമാണ്.

2012 ജൂലൈയിൽ ബറാക് ഒബാമയ്ക്കു സമാഹരിക്കാൻ കഴിഞ്ഞത് 49 മില്യൺ ഡോളറിൽ താഴെയാണ്.

ഒരു തവണ കൂടി റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡോണാൾഡ് ട്രംപിനേക്കാൾ കൂടുതൽ തുക സമാഹരിക്കുവാൻ ഹല്ലരിക്കു കഴിഞ്ഞിട്ടുണ്ടാകണം. പ്രചാരണ ഫണ്ടിനു ഇത്രയും തുക സമാഹരിക്കുന്നതിനു പുറമെ ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിക്കും സംസ്‌ഥാന ഘടകങ്ങൾക്കുംവേണ്ടി 26 മില്യൺ ഡോളർ കൂടി ഹില്ലരി നേടി. അങ്ങനെ ജൂലൈയിലെ മൊത്തം ധനശേഖരണം 90 മില്യൺ ഡോളറിനടുത്തെത്തി.

ചെറിയ ചെറിയ സംഭാവനകളിലൂടെ തന്റെ പ്രചാരണ ഫണ്ടിലേയ്ക്കു ജൂലൈയിൽ 35.8 മില്യൺ ഡോളർ സമാഹരിച്ചതായി ട്രംപ് പറഞ്ഞു. എന്നാൽ മൊത്തം എത്രയാണ് കളക്ടു ചെയ്തതെന്നു വെളിപ്പെടുത്തുവാൻ അദ്ദേഹം തയാറായില്ല. ഹില്ലരിയെപ്പോലെ പാർട്ടിയുടെ സുഹൃത്തുക്കളിൽനിന്നും സ്‌ഥാപനങ്ങളിൽനിന്നും ട്രംപും ലക്ഷക്കണക്കിനു ഡോളറുകൾ സ്വീകരിക്കാറുണ്ട്.

ഹില്ലരി ഓൺലൈനിലും ധനസമാഹരണശ്രമങ്ങൾ വിജയകരമായി നടത്തുന്നു. ഫിലഡൽഫിയയിലെ കൺവൻഷനിൽ പാർട്ടിയുടെ നാമനിർദേശം സ്വീകരിച്ചതിനുശേഷം ഈ ശ്രമങ്ങൾക്ക് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്.

ഹില്ലരിയുടേയും ട്രംപിന്റേയും പ്രചാരണ സംഘങ്ങൾ ഒഗസ്റ്റ് 20നു മുമ്പ് കണക്കുകൾ ഫെഡറൽ റഗുലേറ്ററുകൾക്കു സമർപ്പിക്കണം.

<ആ>റിപ്പോർട്ട്: ഏബ്രഹാം തോമസ്